നമ്മുടെ പ്രിയ ചപ്പാത്തി വന്നിട്ട് ഇന്ന് 100 വർഷം

Monday 29 April 2024 12:27 AM IST

കോട്ടയം: സിഖുകാരുടെ മുഖ്യ ഭക്ഷണമായ ചപ്പാത്തിയെ മലയാളികൾ ഇഷ്ട വിഭവമാക്കിയിട്ട് 100 വർഷം തികയുന്നു. വൈക്കം സത്യഗ്രഹത്തിന് എത്തിയ സിഖുകാർ സമ്മാനിച്ചതാണ് ചപ്പാത്തി. ഈ പുത്തൻ വിഭവം ക്രമേണ നമ്മുടെ അടുക്കളയിലും ചേക്കേറുകയായിരുന്നു. സെഞ്ച്വറിയടിച്ച ചപ്പാത്തി വരവിനെ മാവേലിക്കരയിൽ വിപുലമായി ആഘോഷിച്ചു.

വൈക്കം സത്യഗ്രഹത്തിന് പിന്തുണയർപ്പിച്ച് 1924 ഏപ്രിൽ 29 ന് അമൃത‌്സറിൽനിന്നുള്ള സർദാർ ലാൽ സിംഗിന്റെയും ബാബാ കൃപാൽ സിംഗിന്റെയും നേതൃത്വത്തിൽ കേരളത്തിൽ എത്തിയ അകാലികൾ സൗജന്യമായി ചപ്പാത്തി ഉണ്ടാക്കി വിതരണം ചെയ്തു. മലയാളികൾക്ക് അത് രസിച്ചു. പഞ്ചാബികളുടെ കടുകണ്ണെയ്ക്ക് പകരം മലയാളികൾ വെളിച്ചെണ്ണയും നെയ്യും ഡാൽഡയും പാമോയിലുമൊക്കെ ചേർത്ത് ദോശക്കല്ലിൽ ചുട്ടെടുത്തു. ഏത് കറിക്കൊപ്പവും കറിയില്ലാതെയും കഴിക്കാവുന്ന വിഭവം ഇപ്പോൾ ഡയറ്റ് ചെയ്യുന്നവരുടെ പ്രധാന മെനുവിലും ഉൾപ്പെട്ടു. കഥാകൃത്ത് കെ.കെ. സുധാകരൻ പ്രസിഡന്റും റെജി പാറപ്പുറം സെക്രട്ടറിയുമായ 'കഥ' സാഹിത്യസംഘടനയാണ് ഇന്നലെ ചപ്പാത്തിയുടെ വരവിന്റെ നൂറാം വാർഷികം ആഘോഷിച്ചത്.

ചപ്പാത്തി മടങ്ങിപ്പോയില്ല

സിഖുകാരുടെ സൗജന്യ ഭക്ഷണം സമരക്കാർ സ്വീകരിക്കുന്നത് ശരിയല്ലെന്നായിരുന്നു മഹാത്മാഗാന്ധിയുടെ നിലപാട്. ഭക്ഷണം കഴിക്കാൻ ആസ്തിയുള്ള മലയാളി സിഖുകാരുടെ സൗജന്യ ഭക്ഷണം തുടർച്ചയായി കഴിക്കുന്നതിലെ അനൗചിത്യവും അദ്ദേഹം ചൂണ്ടിക്കൂട്ടി. അത് ഭിക്ഷയെന്നായിരുന്നു ഗാന്ധി നയം. ഗുരുദ്വാര കമ്മിറ്റിയുടെ ഉത്തരവില്ലാതെ ഭക്ഷണശാല പൂട്ടില്ലെന്ന് അകാലികളും നിലപാടെടുത്തു. കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും ഭക്ഷണശാല നിറുത്തുന്നതിനോട് യോജിപ്പാണെന്ന് കെ.എം. പണിക്കരുടെ അറിയിപ്പ് വന്നതോടെ അകാലികൾ പഞ്ചാബിലേക്ക് മടങ്ങി. പക്ഷേ,ചപ്പാത്തി മടങ്ങിപ്പോയില്ല. അത് മലയാളിയുടെ തീൻമേശയിൽ പ്രധാന വിഭവമായി.

Advertisement
Advertisement