ഫെഡറൽ റിസർവ് തീരുമാനം കാത്ത് ഓഹരി വിപണി

Monday 29 April 2024 12:35 AM IST

കൊച്ചി: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശ തീരുമാനമാണ് ഈ വാരം ഇന്ത്യൻ ഓഹരി വിപണിയുടെ നീക്കങ്ങളെ സ്വാധീനിക്കുക. ഇതോടൊപ്പം പ്രമുഖ കമ്പനികളുടെ നാലാം പാദത്തിലെ പ്രവർത്തന ഫലങ്ങളും നിക്ഷേപകർ ഏറെ കരുതലോടെ വീക്ഷിക്കുന്നു. അമേരിക്കയിലെ സാമ്പത്തിക വളർച്ചയും നാണയപ്പെടുപ്പ കണക്കുകളും ഉടനെയൊന്നും പലിശ കുറയില്ലയെന്ന സൂചനയാണ് നൽകുന്നത്. എങ്കിലും പലിശ കുറയ്ക്കുന്ന സമയത്തെ കുറിച്ച് ഫെഡറൽ റിസർവ് യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മേയ് ഒന്നിന് ആരംഭിക്കുന്ന ഫെഡറൽ റിസർവ് അവലോകന യോഗത്തിലാണ് ലോകമെമ്പാടുമുള്ള നിക്ഷേപകർ ഉറ്റുനോക്കുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ അമേരിക്കയിലെ സാമ്പത്തിക വളർച്ചാ നിരക്ക് 1.6 ശതമാനത്തിലേക്ക് താഴ്ന്നുവെങ്കിലും നാണയപ്പെരുപ്പം 3.4 ശതമാനമായി കൂടിയതാണ് ഫെഡറൽ റിസർവിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന വിവിധ കോർപ്പറേറ്റുകളുടെ പ്രവർത്തന ഫലങ്ങൾ വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. ഐ. ടി കമ്പനികളുടെ ലാഭത്തിൽ പ്രതീക്ഷിച്ച വളർച്ചയുണ്ടായില്ലെങ്കിലും ബാങ്കിംഗ്, വാഹന, കൺസ്യൂമർ ഉത്പന്ന മേഖലയിലെ കമ്പനികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബുധനാഴ്ച പുറത്ത് വരുന്ന വാഹന നിർമ്മാണ കമ്പനികളുടെ വില്പന കണക്കുകളും വിപണിയുടെ നീക്കത്തെ സ്വാധീനിച്ചേക്കും.കഴിഞ്ഞ വാരം ബോംബെ ഓഹരി സൂചിക 0.8 ശതമാനം നേട്ടത്തോടെ 73,730ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക 1.2 ശതമാനം ഉയർന്ന് 22,420ൽ എത്തി.

പോയവാരത്തിൽ ആദ്യ നാല് ദിവസങ്ങളിലും നേട്ടമുണ്ടാക്കിയ ഓഹരി വിപണി വെള്ളിയാഴ്ച കനത്ത വില്പന സമ്മർദ്ദം നേരിട്ടിരുന്നു.

Advertisement
Advertisement