ജില്ലയിൽ ഉഷ്ണതരംഗം, യെല്ലോ അലർട്ട്

Monday 29 April 2024 12:34 AM IST

കൊല്ലം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലകളിലൊന്നായ കൊല്ലത്ത് ഉഷ്ണതരംഗ (ഹീറ്റ് വേവ്) മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മരണം വരെ സംഭവിക്കാവുന്ന ഉഷ്ണതരംഗമാണ് ഉണ്ടാകുന്നത്. ഇതേത്തുടർന്ന് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോഅലർട്ട് പ്രഖ്യാപിച്ചു.

തുടർച്ചയായ ദിവസങ്ങളിൽ അതി തീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും വരും ദിവസങ്ങളിൽ കൊല്ലത്ത് പുനലൂരിൽ ഉൾപ്പെടെ താപനില 40 കടക്കുമെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഉഷ്ണതരംഗം മൂലം ജനങ്ങൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ നേരിടാൻ സ്വകാര്യ-സർക്കാർ ആശുപത്രികൾക്കും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നിർദ്ദേശം നൽകി.

ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് വരുന്ന രോഗികളെ എങ്ങനെ ചികിത്സിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആരോഗ്യവകുപ്പ് ഓൺലൈനായി പരിശീലനം നൽകുന്നുണ്ട്. ഹീറ്റ് റെസിസ്റ്റൻസ് ഇൽനസിന്റെ (എച്ച്. ആർ.ഐ) ഭാഗമായി ഉഷ്ണതരംഗം ബാധിക്കുന്നവരുടെ എണ്ണം രേഖപ്പെടുത്തുന്നുമുണ്ട്.

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവ ഏൽക്കുന്നവരുടെ ശരീര ഊഷ്മാവ് തണുപ്പിക്കാനുള്ള ഐസ് പാക്കുകൾ, ഐ.വി ഫ്‌ളൂയിഡുകൾ എന്നിവ തയ്യാറാക്കി വയക്ക്ണമെന്നും ആശുപത്രികൾക്ക് അധികൃതർ നിർദ്ദേശം നൽകി.

വില്ലൻ കാലാവസ്ഥ വ്യതിയാനം
 ചൂട് വർദ്ധിക്കാൻ കാരണം കാലാവസ്ഥയിലുണ്ടായ വ്യതിയാനം

 വേനൽ മഴ ലഭിക്കാത്തതും കടൽ താപനിലയും ഉഷ്ണതരംഗത്തെ സ്വാധീനിക്കും

 മരങ്ങൾ നശിപ്പിച്ച് കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർത്തിയത് ചൂട് വർദ്ധിപ്പിച്ചു

 സംസ്ഥാനത്ത് അന്തരീക്ഷ ഈർപ്പത്തിന്റെ തോത് ശരാശരി 80 ശതമാനം

 ഇതിനേക്കാൾ പത്ത് ശതമാനം കൂടുതലാണ് പുനലൂരിലെ ചൂട്

എന്താണ് ഉഷ്ണതരംഗം?

താപനില ശരാശരി 4.5 ഡിഗ്രിക്ക് മുകളിൽ ഉയരുകയും ദിവസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യുന്നതിനെയാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്.

ലക്ഷണം

തലവേദന, മനം പുരട്ടൽ, ഛർദ്ദി, നിർജ്ജലീകരണം

സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം പ്രഖ്യാപിച്ചത്- 2016 ഏപ്രിലിൽ

അപകടസാദ്ധ്യത കുടുതലുള്ള വ്യക്തികൾ

 പ്രായമായവർ  ശിശുക്കൾ  കുട്ടികൾ  ഗർഭിണികൾ  പോഷകാഹാരക്കുറവുള്ളവർ  പ്രമേഹം, വൃക്കരോഗം, ഹൃദ്രോഗം എന്നിവയുള്ളവർ

പ്രതിരോധം
 പകൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക

 ധാരാളം വെള്ളം കുടിക്കുക

 കായികാദ്ധ്വാനമുള്ള ജോലികളിൽ വിശ്രമം അനിവാര്യം

 മദ്യം, കാർബണേറ്റഡ് പാനീയം, ചായ, കാപ്പി എന്നിവ ഒഴിവാക്കുക

 വീട്ടിലും ഓഫീസിലും വായുസഞ്ചാരം ഉറപ്പാക്കുക

ഉഷ്ണതരംഗ സമയത്ത് ശരീരത്തിലെ താപനില വർദ്ധിക്കുന്നതിനനുസരിച്ച് രക്തക്കുഴലുകളും തുറക്കും. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനൊപ്പം ഹൃദയാഘാതത്തിനും കാരണമാകാം.

ആരോഗ്യ വകുപ്പ് അധികൃതർ

Advertisement
Advertisement