പുലിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്

Monday 29 April 2024 12:38 AM IST
തെന്മല പഞ്ചായത്തിലെ നാഗമല എസ്റ്റേറ്റിൽ ഡി.എഫ്.ഒ.ഷാനവാസിന്റെ നേതൃത്വത്തിലുള്ള വനപാലകർ ചത്ത പുലിയുടെ ജഡം പരിശോധിക്കുന്നു

പുനലൂർ: തെന്മല പഞ്ചായത്തിലെ നാഗമല റബർ എസ്‌റ്റേറ്റിൽ മേയാൻ വിട്ട പശുവിനെ അന്വേഷിച്ചിറങ്ങിയ തോട്ടം തൊഴിലാളിക്ക് പുലിയുടെ അക്രമണത്തിൽ പരിക്കേറ്റു. നാഗമല ഹാരിസൺ എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനായ സോളമനാണ് (55) ഇടത് കാലിനും വലത് കൈയ്ക്കും കടിയേറ്റത്.

സമീപവാസികളും വനപാലകരും ചേർന്ന് സോളമനെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് സംഭവം. റബർ എസ്‌റ്റേറ്റിൽ പശുവിനെ തെരയുന്നതിനിടെ സമീപത്തെ പൊന്തക്കാട്ടിൽ നിന്ന് പിന്നിലൂടെ എത്തിയാണ് പുലി ആക്രമിച്ചത്. കാലിലെ കടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വലത് കൈയ്ക്കും കടിയേറ്റു. ഉടൻ കുതറിമാറാനായതിനാൽ ജീവൻ രക്ഷിക്കാനായി. നിലവിളിച്ചെങ്കിലും തൊഴിലാളികളുടെ ലയങ്ങൾ ദൂരത്തായതിനാൽ ആരും കേട്ടില്ല. പരിക്ക് ഗുരുതരമല്ലാത്തതിനാൽ ചികിത്സ നൽകി വിട്ടയച്ചു.

മറ്റൊരു പുലി ചത്തനിലയിൽ

സോളമനെ പുലി ആക്രമിച്ച സംഭവം അറിഞ്ഞെത്തിയ തെന്മല ഡി.എഫ്.ഒ ഷാനവാസിന്റെ നേതൃത്വത്തിലുള്ള വനപാലകരും നാട്ടുകരും ചേർന്ന് നടത്തിയ തെരച്ചിലിൽ സംഭവസ്ഥലത്ത് നിന്ന് 250 മീറ്റർ മാറി രണ്ട് വയസ് തോന്നിക്കുന്ന ഒരു പുലിയുടെ ജഡം കണ്ടെത്തി. ഈ പുലിയാണോ ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. പാലോട് എത്തിച്ച പുലിയുടെ ജഡം ഇന്നലെ പോസ്റ്റുമോർട്ടം നടത്തി. റിപ്പോർട്ട് ലഭിച്ചശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് തെന്മല ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശെൽവരാജ് അറിയിച്ചു.

Advertisement
Advertisement