മൂന്ന് തവണ കാൻസറിനെ കീഴടക്കിയ തങ്കപ്രസാദിന് മാരത്തോണിൽ പ്രോ കാം സ്ളാം

Monday 29 April 2024 12:19 AM IST

തിരുവനന്തപുരം : ദീർഘദൂര ഓട്ടത്തിലെ പ്രധാന നേട്ടങ്ങളിലൊന്നായ പ്രോ കാം സ്ളാം ടൈറ്റിൽ സ്വന്തമാക്കി മലയാളിയായ മാരത്തോൺ റണ്ണർ എൻ.എസ്. തങ്കപ്രസാദ്. ഇന്നലെ ബെംഗളുരുവിൽ നടന്ന ടി.സി.എസ് 10 കി.മീ വേൾഡ് മാരത്തോണിൽ 65 വയസിൽ മേലേയുള്ളവരുടെ വിഭാഗത്തിൽ നിശ്ചിത സമയത്തിനുള്ളിൽ ഫിനിഷ് ചെയ്താണ് ഇദ്ദേഹം ഈ നേട്ടത്തിലെത്തിയത്. ഡൽഹി ഹാഫ് മാരത്തോൺ, കൊൽക്കത്ത 25കി.മീ മാരത്തോൺ,മുംബയ് ഫുൾ മാരത്തോൺ, ടി.സി.എസ് മാരത്തോൺ എന്നിവയിൽ ഒരു വർഷം നിശ്ചിത സമയത്തിനുള്ളിൽ ഫിനിഷ് ചെയ്യുന്നവർക്കാണ് പ്രോ കാം സ്ളാം ടൈറ്റിൽ ലഭിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിൽ ഉയർന്ന ഉദ്യോഗസ്ഥനായി വിരമിച്ച തങ്കപ്രസാദ് മൂന്ന് തവണ തന്നെ ആക്രമിച്ച കാൻസർ രോഗത്തെ കീഴടക്കിയ ആളാണ്. 2013ൽ കിഡ്നിയിലാണ് ആദ്യം കാൻസർ ബാധിച്ചത്. ഒരു വൃക്ക നീക്കം ചെയ്യേണ്ടിവന്നു. പിറ്റേവർഷം തുടർപരിശോധനയിൽ പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്തി. 37 റേഡിയേഷനുകൾക്ക് ശേഷം രോഗ മോചിതനായെങ്കിലും 2019ൽ ഇതേരോഗം വീണ്ടുമെത്തി .ഇത്തവണ പ്രോസ്റ്റേറ്റ് നീക്കം ചെയ്യേണ്ടിവന്നു. കോളേജ് കാലത്ത് 10000 മീറ്റർ ഒാട്ടക്കാരനായിരുന്ന തങ്കപ്രസാദ് അതിന് ശേഷമാണ് മാരത്തോൺ ഓട്ടത്തിലേക്ക് തിരിഞ്ഞത്. ഇതിനകം ഖത്തർ മാരത്തോൺ ഉൾപ്പടെ പ്രമുഖമായ മാരത്തോൺ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

Advertisement
Advertisement