കുട്ടികൾക്കെതിരായ അതിക്രമം; നാല് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 199 കേസുകൾ

Monday 29 April 2024 12:52 AM IST

മലപ്പുറം: കഴിഞ്ഞ നാല് മാസത്തിനിടെ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 192 കേസുകൾ. 2023ൽ കുട്ടികൾക്കെതിരായ 625 കുറ്റകൃത്യങ്ങളാണ് നടന്നതെന്ന് ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 605, 560 എന്നിങ്ങനെയായിരുന്നു.
പീഡനമാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യം. ഈ വർഷം ജനുവരിയിൽ 32 പീഡനക്കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 52, 35, 66 എന്നിങ്ങനെയാണ്. അയൽവാസികളിൽ നിന്നും നേരിട്ട അതിക്രമങ്ങളാണ് നേരത്തെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇന്ന് പ്രണയബന്ധങ്ങളിൽ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമ കേസുകളാണ് കൂടുതലും. നിരന്തരമായ ചാറ്റിംഗിലൂടെ പ്രണയക്കുരുക്കിൽ അകപ്പെടുകയും ഫോട്ടോയും മറ്റും അയച്ച് കൊടുത്ത് ഒടുവിൽ ലൈംഗികാതിക്രമത്തിന് വിധേയരാവുകയും ചെയ്യുന്ന കേസുകളാണ് നിലവിൽ കൂടുതലും. 12 മുതൽ 17 വയസ്സുള്ള കുട്ടികളാണ് അതിക്രമത്തിന് കൂടുതലും ഇരകളാവുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഏഴ് കേസുകളും റിപ്പോർട്ട് ചെയ്തു. 2023, 2022, 2021 വർഷങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് യഥാക്രമം 3​3ഉം​ 4​1ഉം 37ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു കൊലപാതകവും റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ആറ് കേസുകൾ കൂടി ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിചാരണ നീളുന്നത് പ്രതികൂലം
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് പൊലീസിന്റെയും ജില്ലാ ശിശുക്ഷേ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൃത്യമായ ബോധവത്കരണം മൂലം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയെന്ന് അധികൃതർ പറയുന്നു. എന്നിരുന്നാലും, പോക്‌സോ കേസുകളിലെ വിചാരണ നീളുന്നത് കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയാക്കുമെന്നതിനാൽ രക്ഷിതാക്കൾ നേരിട്ടും കേസുകൾ ഒത്തുതീർപ്പാക്കുന്നുണ്ട്. വിചാരണാ നടപടികൾ നീളുന്നതിനാൽ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നുണ്ട്. ഇതോടെ കേസുമായി മുന്നോട്ട് പോകാൻ അധികപേരും താത്പര്യപ്പെടുന്നില്ല.

കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ കണക്ക്

2021 560
2022 605
2023 625
2014 ഏപ്രിൽ 28 വരെ 199

Advertisement
Advertisement