ആദിപരാശക്തി വിഗ്രഹം പൗർണമിക്കാവിലേക്ക് തിരിച്ചു

Tuesday 30 April 2024 4:01 AM IST

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം ഇന്നലെ മൂന്ന് ട്രയിലറുകളിലായി രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് പൗർണ്ണമിക്കാവിലേക്ക് തിരിച്ചു. ജയ്പൂരിൽ രാജസ്ഥാൻ സർക്കാരിന്റെ പ്രതിനിധിയും എം.എൽ.എയുമായ സ്വാമി ബൽമുകുന്ദാചാര്യ മഹാരാജ്ജി വാഹനവ്യൂഹം ഔദ്യോഗികമായി ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഗുജറാത്തിലെ ദ്വാരക മുരളീ മന്ദിറിൽ നിന്നുള്ള ശ്രീ ജഗദ്ഗുരു സൂര്യാചാര്യ കൃഷ്ണദേവാനന്ദ ഗിരി മഹാരാജ്,ക്ഷേത്രം ട്രസ്റ്റി എം.എസ്. ഭുവനചന്ദ്രൻ, പൗർണമിക്കാവ് മഠാധിപതി സിൻഹാ ഗായത്രി തുടങ്ങിയവർ പങ്കെടുത്തു.ജയ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള 2800 കിലോമീറ്റർ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ക്ഷേത്ര ട്രസ്റ്റി ശിൽപികളെയും ട്രെയിലർ ഡ്രൈവർമാരെയും ആദരിച്ചു. 23 ശിൽപികളടങ്ങുന്ന സംഘം 36 മാസത്തെ സമർപ്പണമാണ് നടത്തിയത്. ദുഷ്‌കരമായ റോഡ് ട്രിപ്പ് പൂർത്തിയാക്കാൻ 15 മുതൽ 17 ദിവസം വരെ എടുക്കുമെന്ന് പൗർണ്ണമിക്കാവ് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Advertisement
Advertisement