മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തം തടവും പിഴയും

Wednesday 01 May 2024 12:26 AM IST

തിരുവനന്തപുരം: ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ച നാൽപ്പതുകാരനായ പിതാവിനെ കോടതി മൂന്ന് ജീവപര്യന്തം കഠിന തടവിനും 90,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കണം. ഇതിനുപുറമെ വിവിധ വകുപ്പുകളിലായി 21 വർഷം അധിക തടവിനും കോടതി പ്രതിയെ ശിക്ഷിച്ചു. പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ജൂലായിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. കുട്ടിയുടെ അമ്മ വിദേശത്താണ്. കുട്ടി അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. പിതാവിനൊപ്പം താമസിക്കാൻ എത്തുമ്പോഴായിരുന്നു ക്രൂരമായ പീഡനം. അച്ഛൻ മദ്യപിച്ചെത്തിയാൽ മോശമായി പെരുമാറുമെന്ന് കുട്ടിയുടെ പതിനഞ്ചുകാരി സഹോദരി പൊലീസിന് നൽകിയ മൊഴി കേസിൽ നിർണായകമായി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ, ആർ. വൈ. അഖിലേഷ് എന്നിവർ ഹാജരായി.