കേരളകൗമുദി വാർത്തയിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ , 15ലക്ഷം ഫയലുകൾക്ക് മോക്ഷം നൽകാൻ മൂന്നാം യജ്ഞം

Friday 03 May 2024 4:28 AM IST

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ ഗതികിട്ടാതെ കിടക്കുന്ന 15ലക്ഷം ഫയലുകൾക്ക് മോക്ഷം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു.കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മൂന്നാം യജ്ഞത്തിനാണ് നീക്കം. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി എല്ലാ വകുപ്പ് മേധാവികൾക്കും വാക്കാൽ അറിയിപ്പ് നൽകി. തീർപ്പാക്കലിന് മാർഗരേഖ ഉടൻ പുറത്തിറക്കും. 2019ലും 2022ലും നടത്തിയ യജ്ഞങ്ങൾ ലക്ഷ്യം നേടിയിരുന്നില്ല..

സെക്രട്ടേറിയേറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് ബുധനാഴ്ച കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

മൂന്നുലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്ന തദ്ദേശ വകുപ്പിലാണ് ഏറ്റവും കൂടുതൽ. ആഭ്യന്തരം,​​ ധനം, ​വിദ്യാഭ്യാസം,​ റവന്യൂ,​ ആരോഗ്യം വകുപ്പുകളും പിന്നിലല്ല.

സർക്കാരിന്റെ മൂന്നാം വാർഷികം കൂടി കണക്കിലെടുത്താണ് യജ്ഞം. വകുപ്പ് സെക്രട്ടറിമാരോട് കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്ക് ശേഖരിക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്. ഫിഷറീസ് പോലെ ചില വകുപ്പുകൾ നടപടികൾ തുടങ്ങി.

സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളിലായി മാസം ശരാശരി 30,​000 ഫയലുകൾ ഉണ്ടാകുന്നുവെന്നാണ് കണക്ക്. അസിസ്റ്റന്റ് മുതൽ വകുപ്പു സെക്രട്ടറി വരെയുള്ളവരുടെ പരിശോധനയ്ക്കു ശേഷമാണ് പലതും തീർപ്പാകുന്നത്. ഈ തട്ടുകൾ മുഖ്യമന്ത്രി ഇടപെട്ട് കുറച്ചെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. ചില ഫയലുകൾ ചീഫ് സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകൾ വരെ നീളും. സെക്രട്ടേറിയറ്റിൽ മൂന്നു മാസത്തിലൊരിക്കൽ ഫയൽഅദാലത്തുണ്ടെങ്കിലും അത്യാവശ്യ ഫയലുകൾക്കാണ് മുൻഗണന.

തീർപ്പാക്കൽ വൈകാൻ കാരണം

1.കേസുകളും അച്ചടക്ക നടപടികളും

2.ധനവകുപ്പിലെ കാലതാമസം

3.മന്ത്രിമാരുടെ തീരുമാനങ്ങൾ വൈകുന്നത്

ഉന്നതതലത്തിൽ

പരിശോധിക്കുന്നത്

ഒന്നിലേറെ പേരെ ബാധിക്കുന്നവ

സർക്കാരിന്റെ നയപരമായ കാര്യങ്ങൾ

സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നവ

നിയമപ്രശ്‌നങ്ങളുള്ളവ

1.98 ലക്ഷം

2019ൽ കെട്ടിക്കിടന്നത്

68,​000

തീർപ്പായത്

1,75,415

2022ൽ കെട്ടിക്കിടന്നത്

82,401

തീർപ്പായത്

Advertisement
Advertisement