പ്ലസ് വൺ: 11 ജില്ലകളിൽ 30% വരെ അധിക സീറ്റ്

Friday 03 May 2024 4:38 AM IST

തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാൻ 11 ജില്ലകളിൽ അധികസീറ്റുകൾ അനുവദിക്കാൻ മന്ത്രിസഭായോഗ തീരുമാനം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ 30% സീറ്റ് കൂട്ടും. ഈ ജില്ലകളിലെ എയ്‌ഡഡ് സ്കൂളുകളിൽ 20% സീറ്റ് വർദ്ധനവും ആവശ്യപ്പെടുന്ന സ്‌കൂളുകളിൽ 10% കൂടി മാർജിനൽ സീറ്റ് വർദ്ധനയും അനുവദിക്കും. അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാകാത്ത തരത്തിലായിരിക്കുമിത്.

കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്‌ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ 20% മാർജിനൽ സീറ്റ് വർദ്ധന അനുവദിക്കും. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ സർക്കാർ, എയ്‌ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ 20% സീറ്റ് കൂട്ടും. ആവശ്യത്തിന് സീറ്റുള്ള പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ വർദ്ധന അനുവദിക്കില്ല.

2022-23ൽ താത്കാലികമായി അനുവദിച്ച 77 ഹയർസെക്കൻഡറി ബാച്ചുകളും ഷിഫ്റ്റ് ചെയ്ത‌ 4 ബാച്ചുകളും 2023-24ൽ അനുവദിച്ച 97 ബാച്ചുകളും തുടരും. ഇതിലൂടെ പ്രതിവർഷം 19.22 കോടിയുടെ അധിക ബാദ്ധ്യത.

Advertisement
Advertisement