യുവതിയുടെ വയറ്റിൽ നിന്ന് പത്ത് കിലോയിലേറെ ഭാരമുള്ള മുഴ നീക്കംചെയ്തു

Friday 03 May 2024 1:18 AM IST
ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ സംഘം

കോഴിക്കോട്: ഉദരസംബന്ധമായ അസുഖവുമായെത്തിയ യുവതിയുടെ വയറ്റിൽ നിന്ന് 10 കിലോയിലേറെ ഭാരമുള്ള മുഴ സങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. മലപ്പുറം മൂന്നിയൂർ സ്വദേശിയായ 43 വയസുകാരിയിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗർഭാശയ മുഴ നീക്കിയത്.

36 സെന്റീമീറ്റർ നീളവും 33 സെന്റീമീറ്റർ വീതിയുമുള്ള മുഴ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ഒരാഴ്ച മുമ്പ് വയറുവേദനയുമായിട്ടാണ് യുവതി ചികിത്സയ്ക്കെത്തിയത്. പരിശോധനകളിൽ ഗർഭാശയ മുഴ സ്ഥിരീകരിച്ചു. രക്തയോട്ടം കൂടുതലുള്ള മുഴയായതിനാൽ അതീവസങ്കീർണമായിരുന്നു ശസ്ത്രക്രിയ. രക്തസ്രാവം ഉണ്ടാകാതിരിക്കാൻ ഗർഭാശയത്തിലേക്കുള്ള രക്തക്കുഴലുകൾ ശസ്ത്രക്രിയയുടെ തുടക്കത്തിൽ തന്നെ തുന്നിച്ചേർത്തിരുന്നു. ഗൈനേക്കോളജി വിഭാഗം മേധാവി ഡോ. ജ്യോതി രമേശ്ചന്ദ്രന്റെ നേതൃത്വത്തിൽ ക്യാൻസർ സ്‌പെഷ്യലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസ്, ഡോ. അമ്മു മോഹൻ, ഡോ. ഐശ്വര്യ ഗൗതം, ഡോ. അഞ്ജന, ഡോ. ബിനു സാജിദ്, ഡോ. എസ്.എ. സോനു തുടങ്ങിയവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

Advertisement
Advertisement