ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ ചക്രമുരുട്ടാതെ പ്രതിഷേധം

Friday 03 May 2024 1:41 AM IST

കൊല്ലം: ഒരു ദിവസം നടത്താവുന്ന ഡ്രൈംവിംഗ് ടെസ്റ്റുകളുടെ എണ്ണം വെട്ടിക്കുറച്ചത് അടക്കമുള്ള ഗതാഗത മന്ത്രിയുടെ പരിഷ്കാരങ്ങൾക്കെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമകളും ഇൻസ്ട്രക്ടർമാരും നടത്തിയ സമരം ജില്ലയിൽ പൂർണം. ജില്ലയിലെ ഒരു ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിലും ഇന്നലെ പ്രായോഗിക പരീക്ഷ നടന്നില്ല.

പതിവ് പോലെ എല്ലാ കേന്ദ്രങ്ങളിലും രാവിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ടെസ്റ്റ് നടത്താനായെത്തി. ഡ്രൈവിംഗ് സ്കൂൾ ഉടമകളും ഇൻസ്ട്രക്ടർമാരും ടെസ്റ്റിനായി രജിസ്റ്റർ ചെയ്തിരുന്ന ചുരുക്കം ചിലരുമെത്തി. സാധാരണ ഗതിയിൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാരാണ് എച്ചും എട്ടും എടുക്കുന്നതിനുള്ള കമ്പികൾ ഗ്രൗണ്ടിൽ സ്ഥാപിക്കുന്നത്. എന്നാൽ ഇന്നലെ ഇൻസ്ട്രക്ടർമാർ അതിന് തയ്യാറാകാതിരുന്നതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തന്നെ കമ്പികൾ സ്ഥാപിച്ചു. പക്ഷെ ഇന്നലെ പരീക്ഷയ്ക്ക് സ്ലോട്ട് ലഭിച്ചിരുന്നവരാരും ടെസ്റ്റിന് കളത്തിൽ ഇറങ്ങിയില്ല. രണ്ടര മണിക്കൂറിലേറെ കാത്തുനിന്നിട്ടും ടെസ്റ്റിന് ആരും തയ്യാറാകാഞ്ഞതോടെ ഉദ്യോഗസ്ഥർ പത്തേകാലോടെ മടങ്ങി.

ഒരു ഓഫീസിൽ ഒരു ദിവസം നടത്താവുന്ന ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 60 ആയി വെട്ടിച്ചുരുക്കിയതിനെതിരെയായിരുന്നു പ്രതിഷേധം. പുതിയ പരിഷ്കാരത്തിനെതിരെ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഇന്നലെ ഇൻസ്ട്രക്ടർമാരും സ്കൂൾ ഉടമകളും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു.

കാത്തിരിക്കുന്നത് ഒൻപതിനായിരത്തിലധികം

നേരത്തെ തന്നെ ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണത്തിൽ നിയന്ത്രണം തുടങ്ങിയതോടെ ലേണേഴ്സ് ടെസ്റ്റ് പാസായ ഒൻപതിനായിരത്തിലധികം പേരാണ് ജില്ലയിൽ ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നത്. ജില്ലയിൽ ഒരു ദിവസം 250ൽ അധികം പേർക്ക് ലേണേഴ്സ് ടെസ്റ്റ് നടക്കുന്നുണ്ട്. പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ ഒരു ദിവസം നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം ഇരുനൂറിൽ താഴെയായി ചുരുങ്ങും. ഇതിൽ 40 ശതമാനം മുൻ ശ്രമങ്ങളിൽ പരാജയപ്പെട്ട് വീണ്ടും എത്തുന്നവരായിരിക്കും. ഇതോടെ ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നവരുടെ എണ്ണം വരും ദിവസങ്ങളിൽ കൂടുതൽ ഉയരും.

Advertisement
Advertisement