പ്രശസ്ത കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

Friday 03 May 2024 8:32 AM IST

തൃശൂർ: പ്രശസ്ത കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ (90) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസം മൂലം ഇന്നലെ വൈകിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ രാത്രിയോടെ മരിച്ചു.

കൊല്ലം മങ്ങാട് സ്വദേശിയാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ അടക്കമുള്ള ഗുരുനാഥന്മാരിൽനിന്ന് സംഗീതം അഭ്യസിച്ചു. ആകാശവാണിയിൽ ജോലി ലഭിച്ചതോടെയാണ് അദ്ദേഹം തൃശൂരിൽ താമസമാക്കിയത്. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്കം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.