അവിടെ 100ന് വിൽക്കും ഇവിടെ 500നും, പതിവുപോലെ ആന്ധ്രയിൽ നിന്നുള്ള 20 അംഗ സംഘം കേരളത്തിലെത്തി; മടക്കം ലക്ഷങ്ങളുമായി

Friday 03 May 2024 8:55 AM IST

പത്തനംതിട്ട : ചൂരൽ ഉല്പന്നങ്ങളുടെ വിപണിയുമായി ആന്ധ്രാ നെല്ലൂർ സ്വദേശികൾ നഗരത്തിൽ സജീവമായി. കുട്ടയ്ക്കും വട്ടിക്കുമൊപ്പം ചൂരൽ ലാമ്പുകളും വില്പനയ്ക്കുണ്ട്. ആന്ധ്രയിൽ നിന്നെത്തിയ ചിന്നയ്യയും സംഘവുമാണ് നഗരത്തിലെ പാതയോരങ്ങളിൽ ഉല്പന്നങ്ങൾ വില്പനയ്ക്ക് വച്ചിരിക്കുന്നത്. ചൂരലുകൾ കൊണ്ടുള്ള മറ്റ് അലങ്കാര വസ്തുക്കളും ആവശ്യക്കാരുടെ നിർദ്ദേശാനുസരണം ചെയ്ത് കൊടുക്കും.

ഇരുപത് പേരുണ്ട് സംഘത്തിൽ. എല്ലാ വർഷവും വേനലവധിക്കാലത്ത് തങ്ങൾ എത്താറുണ്ടെന്ന് ഇവർ പറയുന്നു. കനത്ത ചൂടിലും റോഡരികിലെ ടെന്റിലാണ് താമസം. ആന്ധ്ര നെല്ലൂർ സ്വദേശികളാണ് ഇവർ. ഇരുപത് പേരടങ്ങുന്ന സംഘത്തിൽ കൊച്ചുകുട്ടികളുമുണ്ട്. ആന്ധ്രയിൽ നിന്ന് ലോറിയിൽ ചൂരൽ എത്തിച്ച് ഇവിടെ നെയ്ത് വിറ്റ ശേഷം അടുത്ത സ്ഥലത്തേക്ക് പോകും. വർഷങ്ങളായി കേരളത്തിന്റെ വിവിധ ജില്ലകളിൽ ഇവർ ജോലി ചെയ്യുന്നു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും ഇവർ പോകും.

അൻപതിനായിരം മുതൽ ഒരു ലക്ഷം രൂപയുടെ വരെ ലോഡാണ് ചൂരൽ സ്റ്റോക്ക് തീരുമ്പോൾ ഇറക്കുന്നത്. ആന്ധ്രയിലെ സേട്ടിന്റെ തൊഴിലാളികളാണിവർ. സേട്ട് പറയുന്നതനുസരിച്ച് ഉൽപന്നങ്ങളുണ്ടാക്കി വിൽക്കും. ആയിരം രൂപയിൽ 700 രൂപയും സേട്ടിന് നൽകണം.

ആന്ധ്രയിൽ 100, ഇവിടെ 500

ആന്ധ്രയിൽ നൂറ് രൂപയ്ക്ക് വിൽക്കുന്ന ഉല്പന്നങ്ങൾക്ക് ഇവിടെ അഞ്ഞൂറ് രൂപയാണ് വില. പനയുടെ ചൂലും ഇവർ ഉണ്ടാക്കുന്നുണ്ട്. ഇതിന് 75 രൂപയാണ് . മറ്റ് ചൂരൽ ഉൽപ്പന്നങ്ങൾക്ക് അഞ്ഞൂറ് മുതൽ 1800 രൂപ വരെയാണ് വില. പലരും വിലപേശി വാങ്ങാനെത്തുന്നുവെന്നാണ് ഇവരുടെ പരാതി. ഒരു കുട്ട നെയ്യാൻ 2 മണിക്കൂറോളമെടുക്കും. ചൂട് കാരണം വലിയ ബുദ്ധിമുട്ടാണെന്ന് കുട്ടനെയ്യുന്ന സൈല പറയുന്നു.

--------------------

വർഷങ്ങളായി ഇവിടെയെത്തുന്നുണ്ട്. അത് കൊണ്ട് മലയാളം നന്നായി അറിയാം. തമിഴും കന്നടയും അറിയാം. മഴയ്ക്ക് മുമ്പേ ഇവിടെ നിന്ന് പോകും. വേനൽക്കാലത്ത് രണ്ട് മാസമാണ് കേരളത്തിൽ കച്ചവടം നടത്തുന്നത്.

ചിന്നയ്യ

Advertisement
Advertisement