പിണറായി സർക്കാരിന്റെ പ്രസ്റ്റീജ് പദ്ധതി; പക്ഷേ ഉദ്ഘാടനത്തിന് മുമ്പേ അറ്റകുറ്റപ്പണി വേണ്ടിവന്നു

Friday 03 May 2024 10:05 AM IST

ശ്രീകാര്യം: ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കണ്ണാടിപ്പാലത്തിൽ പൊട്ടൽ. ഉദ്ഘാടനത്തിനൊരുങ്ങുന്നതിനിടെ പാലത്തിന്റെ പ്രധാന ഭാഗമായ ഗ്ലാസ് പാളികളിലാണ് പൊട്ടലുണ്ടായത്. പാലത്തിലേക്ക് കയറുന്ന ഭാഗത്തെ ഗ്ലാസ് പാളിക്കാണ് കേടുപാട്.

മൂന്നു പാളികളുള്ള കണ്ണാടിപ്പാളിയിൽ ആയുധം ഉപയോഗിച്ച് ശക്തിയായി അടിച്ചാണ് കേടുവരുത്തിയിരിക്കുന്നതെന്നും സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്നും വി.കെ.പ്രശാന്ത് എം.എൽ.എ ആരോപിച്ചു. ഇതിനെതിരെ ഡി.ടി.പി.സിയുമായി ചേർന്ന് കണ്ണാടിപ്പാലം സ്ഥാപിക്കുന്ന വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ശ്രീകാര്യം പൊലീസിന് പരാതി നൽകി.

ടൂറിസം രംഗത്തെ വൻ വികസന സാദ്ധ്യത കണക്കിലെടുത്താണ് ടൂറിസം വകുപ്പ് കണ്ണാടിപ്പാലം നിർമ്മിക്കുന്നത്. ഒന്നരക്കോടി ചെലവിട്ട് നിർമ്മിച്ച പാലത്തിന് 75 അടി ഉയരവും 52 മീറ്റർ നീളവുമുണ്ട്. പാർക്കിലെ കുന്നിൻ മുകളിൽ നിന്ന് കുളം കടന്ന് സ്വിമ്മിംഗ് പൂൾ ഭാഗത്തേക്ക് നീളുന്ന തരത്തിലാണ് പാലത്തിന്റെ നിർമ്മാണം. ഒരേ സമയം 20 പേർക്ക് പാലത്തിൽക്കൂടി സഞ്ചരിക്കാൻ കഴിയും. കഴിഞ്ഞ മാർച്ച് 13ന് പാലം ഉദ്ഘാടനം ചെയ്യേണ്ടതായായിരുന്നു. എന്നാൽ വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ തകർച്ചയെ തുടർന്ന് ഉദ്ഘാടനം മാറ്റിവയ്‌ക്കുകയായിരുന്നു.