കൊച്ചിയിൽ കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവം: അന്വേഷണം മാതാപിതാക്കളെയും മകളെയും കേന്ദ്രീകരിച്ച്, അറസ്റ്റ് ഉടൻ

Friday 03 May 2024 12:08 PM IST

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ വൻഷിക അപ്പാർട്ടുമെന്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം. എറണാകുളം സ്വദേശിയും ഭാര്യയും മകളുമാണ് ഇവിടത്തെ സ്ഥിര താമസക്കാർ. പതിനഞ്ചുവർഷമായി ഇവർ ഇവിടെ താമസിക്കുകയാണ്.

യുവതിയായ മകൾ അവിവാഹിതയാണെന്നും കേരളത്തിന് പുറത്താണ് പഠിക്കുന്നതെന്നുമാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കുഞ്ഞിന്റെ കഴുത്തിൽ തുണിചുറ്റി വരിഞ്ഞുമുറുക്കിയതിന്റെ പാടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

പൊലീസ് നടത്തിയ പരിശോധനയിൽ ഫ്ളാറ്റിലെ ടോയ്‌ലറ്റിൽ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഇവിടെവച്ചാണ് പ്രസവം നടന്നതെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്. മൂന്നുപേരെയും പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. കമ്മിഷണർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. ഫ്ളാറ്റിലേക്ക് കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത മൂന്നുപേരിൽ രണ്ടുപേരെ ഉടൻ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. യുവതിയെ ആശുപത്രിയിലേക്കായിരിക്കും മാറ്റുക. അറസ്റ്റ് ഉടൻതന്നെ ഉണ്ടാകുമെന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്.

കുഞ്ഞിന്റെ ശരീരം പൊതിയാൻ ഉപയോഗിച്ച ആമസോൺ പാഴ്സൽ കവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും കുറിച്ച് സൂചന ലഭിച്ചത്. രക്തക്കറമൂലം കവറിലെ വിലാസം വ്യക്തമായിരുന്നില്ലെങ്കിലും ബാർകോഡ് വ്യക്തമായിരുന്നു. ഇതുകേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫ്ളാറ്റിന് മുന്നിലെ ഒഴിഞ്ഞപറമ്പിലേക്ക് വലിച്ചെറിയുന്നതിനിടെ ലക്ഷ്യം തെറ്റി റോഡിൽ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രത്യേകഅന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇന്നുരാവിലെ എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ടാക്സി ഡ്രൈവറാണ് ആദ്യം മൃതദേഹം കാണുന്നത്. കുഞ്ഞിനെ വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

21 ഫ്ളാറ്റുകളാണ് സമുച്ചയത്തിൽ ഉള്ളത്. ഇതിൽ മൂന്നെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ അടുത്തിടെയൊന്നും താമസക്കാർ എത്തിയിരുന്നില്ലെന്നാണ് സമീപത്തെ ഫ്ളാറ്റിലുള്ളവർ പൊലീസിനെ അറിയിച്ചത്. അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് സുരക്ഷാ ജീവനക്കാരനും പൊലീസിനെ അറിയിച്ചിട്ടുള്ളത്.

Advertisement
Advertisement