'ഡ്രൈവിംഗ്  ടെസ്റ്റ്  പരിഷ്‌കരണം കേന്ദ്ര നിയമങ്ങൾക്ക് വിരുദ്ധമല്ല'; പുതിയ സർക്കുലർ അനുവദിക്കാതെ ഹൈക്കോടതി

Friday 03 May 2024 12:12 PM IST

കൊച്ചി: സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന ‌ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ സർക്കുലറിന് സ്റ്റേ ഇല്ല. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം തടയണമെന്ന ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്താണ് നിരാകരിച്ചത്. സർക്കുലർ നടപ്പാക്കുന്നതിൽ സ്റ്റേ അനുവദിക്കാൻ കാരണങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മിഷണർക്ക് സർക്കുലർ ഇറക്കാനുള്ള അധികാരമുണ്ടെന്നും പരിഷ്‌കരണങ്ങൾ കേന്ദ്ര ഗതാഗത നിയമങ്ങൾക്ക് വിരുദ്ധമല്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് സ്റ്റേ ആവശ്യം കോടതി നിരാകരിച്ചത്. കേസ് വീണ്ടും ഈ മാസം 21ന് പരിഗണിക്കും.

പരിഷ്കരണം തടയണമെന്നാവശ്യപ്പെട്ട് ഓൾ കേരള മോട്ടർ ഡ്രൈവിംഗ് സ്കൂൾ, ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ, ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി, തുടങ്ങിയവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ട്രാൻസ്‌പോർട്ട് കമ്മിഷണർ പുറപ്പെടുവിച്ച പരിഷ്കരണങ്ങൾ കേന്ദ്ര നിയമങ്ങളുടെ ലംഘനമാണെന്നും കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. കേന്ദ്ര നിയമത്തിലെ നിർദ്ദേശങ്ങളാണ് നടപ്പിലാക്കിയതെന്നും അതുകൊണ്ടു തന്നെ സർക്കുലർ നിയമപരമാണെന്ന് സർക്കാരും വാദിച്ചു.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിൽ സംസ്ഥാനത്തിലുടനീളം പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരം മുട്ടത്തറയിൽ ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിന് മുൻപിൽ പുതിയ സർക്കുലർ കത്തിച്ചുകൊണ്ടാണ് സംഘടനകൾ പ്രതിഷേധം നടത്തിയത്. അതേസമയം, പരിഷ്കരണവുമായി മുന്നോട്ട് പോകുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കർശന നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

Advertisement
Advertisement