'ജ്യേഷ്ഠൻ ജനിച്ചതിന് ശേഷം അമ്മയ്ക്കുണ്ടായത് ഏഴ് അബോർഷൻ; സർപ്പദോഷമെന്ന് സ്വാമി പറഞ്ഞു, ക്രൈസ്തവ രീതിയിൽ ക്രിയകൾ ചെയ്തു'

Friday 03 May 2024 3:52 PM IST

ഒരു കാലത്ത് കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായിരുന്നു കെ.വി തോമസ്. 'തോമസ് മാഷ്' എന്ന് വിളിപ്പേരുള്ള അദ്ദേഹം 2019ൽ ലോക്സഭ സീറ്റ് നിഷേധിച്ചതോടെ കോൺഗ്രസുമായി അകന്നിരുന്നു. സീറ്റ് നിഷേധിച്ചതല്ല, സംസ്ഥാന കോൺഗ്രസ് തന്നെ അപമാനിച്ചു എന്നാണ് അദ്ദേഹം ആ സമയത്ത് പറഞ്ഞത്. പിന്നീട് ഇടതുമായി അടുത്തതോടെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കെ.വി തോമസ് ഇന്ന് ഡൽഹിയിലാണ്. കൂടാതെ സിപിഎം വേദികളിലും കെ.വി തോമസ് സജീവമായിരുന്നു.

ഇപ്പോഴിതാ അദ്ദേഹം തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ അടക്കം തുറന്നുപറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. നാടിനെക്കുറിച്ചും അദ്ദേഹം ജനിക്കുന്നതിന് മുമ്പ് കുടുംബത്തിൽ സംഭവിച്ച കാര്യങ്ങളുമാണ് കെ.വി തോമസ് തുറന്നുപറയുന്നത്. താൻ ജനിക്കുന്നതിന് മുമ്പ് അമ്മയ്ക്ക് ഏഴോളം അബോർഷനുകളുണ്ടായെന്നും ഈ സമയത്ത് പരിഹാരത്തിനായി ഒരു ആശ്രമത്തിൽ പോയ കാര്യവുമാണ് അദ്ദേഹം പറയുന്നത്. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് കെ.വി തോമസ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

കെ.വി തോമസിന്റെ വാക്കുകളിലേക്ക്...
'അമ്മ എന്റെ മൂത്ത ജേഷ്ഠൻ പ്രസവത്തിന് ശേഷം അമ്മയ്ക്ക് ഏഴ് അബോർഷനുകളാണ് നടന്നത്. എട്ടാമത്തെയാളാണ് ഞാൻ. അമ്മ ഗർഭിണിയായപ്പോൾ അമ്മയുടെ അനിയത്തിയുള്ളത് കലൂരിലാണ്. അന്ന് അവിടെ വൈദ്യമൊക്കെ നടത്തുന്ന സ്വാമിയുടെ ഒരു ആശ്രമം ഉണ്ടായിരുന്നു. എന്റെ അമ്മയെ അവിടെ കൊണ്ടുപോയി സ്വാമിയെ കാണിച്ചു. നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് സർപ്പദോഷമുണ്ടെന്ന് സ്വാമി പറഞ്ഞു. അതുകൊണ്ട് അതിനുള്ള ക്രിയകൾ ചെയ്യണം. അത് ക്രൈസ്തവ രീതിയിൽ ചെയ്താൽ മതിയെന്നും സ്വാമി പറഞ്ഞു'.

'അതിന് ശേഷം അപ്പനും അമ്മയും പോയി ഇടപ്പള്ളി പള്ളിയിൽ പോയി പ്രാർത്ഥിച്ചു. ഞങ്ങളുടെ വീടിന് ചുറ്റും പള്ളിയിലെ അച്ഛനെക്കൊണ്ട് വെഞ്ചരിപ്പിച്ചു. വീട്ടിൽ പ്രത്യേക പ്രാർത്ഥന നടന്നു. അത് കഴിയുമ്പോഴാണ് എന്നെ പ്രസവിക്കുന്നത്. അന്ന് ഞാൻ കൊള്ളാവുന്ന ഭംഗിയുള്ള കുട്ടിയാണെന്നാണ് അമ്മ പറഞ്ഞത്. ഏഴ് അബോർഷൻ കഴിഞ്ഞ് എട്ടാമത്തെ കുട്ടിയായി ജനിച്ച എന്റെ മാമോദിസ കുമ്പളങ്ങി മുഴുവൻ അറിഞ്ഞ് നടത്തിയ മാമോദിസയായിരുന്നു. കാരണം അപ്പന് അന്ന് നല്ല കച്ചവടമായിരുന്നു. അന്ന് അച്ഛന്റെ സുഹൃത്തുക്കളെ ആ നാട്ടിലെ പാവപ്പെട്ട ആളുകളെ വിളിച്ചിരുന്നു.'

'അപ്പനും അമ്മയ്ക്കും പാവപ്പെട്ടയാളുകളോട് പ്രത്യേകം കനിവുണ്ടായിരുന്നു. അവരെ വിളിച്ചിരുത്തി അവർക്കെല്ലാം വസ്ത്രം കൊടുത്തു. ഭക്ഷണത്തിനായുള്ള അരിയും കൊടുത്തിരുന്നു. എനിക്ക് സ്വർണത്തിന്റെ മാലയും വളയും അരഞ്ഞാണമൊക്കെ ഇട്ടിട്ടുണ്ടായിരുന്നു എന്നാണ് അമ്മ പറഞ്ഞത്. അതിന് ശേഷമാണ് അനിയൻ പീറ്ററും അനിയത്തി എലിസബത്തും ജനിക്കുന്നത്. അനിയത്തി ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ എപ്പിലെപ്സി രോഗം ബാധിച്ച് മരണപ്പെട്ടു'- കെ.വി തോമസ് പറഞ്ഞു.

Advertisement
Advertisement