ഊട്ടിക്ക് പോകാൻ ആഗ്രഹിക്കുന്നവർ ആ സത്യം അറിഞ്ഞിരിക്കണം

Friday 03 May 2024 5:18 PM IST

കാപ്പി തോട്ടങ്ങളും പുൽമേടുകളും പച്ചപ്പരവതാനി വിരിച്ച നാട്. ഏതു ചൂടിലും ഉള്ളുകുളിർപ്പിക്കുന്ന തണുപ്പുമായി സഞ്ചാരികളെ വരവേൽക്കുന്നിടം.... ഊട്ടി. കൊടും ചൂടിൽ കുളിരുതേടി ഊട്ടിക്കുപോകാൻ ആഗ്രഹിക്കുന്നവർ ആ സത്യം അറിഞ്ഞിരിക്കണം... നിലവിൽ പകൽനേരത്ത് ഊട്ടിയിലും പൊള്ളുന്ന ചൂടാണ്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 29 ഡിഗ്രി സെൽഷ്യസ് ചൂടാണ്. 1951നു ശേഷം ഇതാദ്യമായാണ് ഊട്ടിയിൽ 29 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം 20 ഡിഗ്രി മാത്രമായിരുന്നു ഊട്ടിയിലെ ഏറ്റവും ഉയർന്ന താപനില. കൊടൈക്കനാലിലാകട്ടെ കഴിഞ്ഞ ദിവസം താപനില 26 കടന്നിരുന്നു.

സാധാരണ ഈ കാലയളവിൽ ഊട്ടിയിൽ 20 മുതൽ 24 ഡിഗ്രി വരെ ചൂടുണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ കണക്കുകൂട്ടലാകെ പിഴച്ചു. രാത്രി 12 ഡിഗ്രി സെൽഷ്യസാണ് ഊട്ടിയലെ താപനില. അതുമാത്രമാണ് ആകെ ആശ്വാസം. ചൂട് കൂടിയെങ്കിലും വിനോദസഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നതാണ് വസ്തുത. നിലവിൽ സഞ്ചാരികളുടെ എണ്ണം കൂടുതലാണ്. പുഷ്‌പോത്സവം തുടങ്ങുന്നതോടെ ഇനിയും കൂടും. ലോഡ്ജുകൾ രണ്ടും മൂന്നും ഇരട്ടിയാണ് നിരക്ക് ഈടാക്കുന്നത്. ഇതിന് പുറമേ കടുത്ത കുടിവെള്ളക്ഷാമവും തിരിച്ചടിയാണ്. ടാങ്കർ ലോറിയിലെത്തിക്കുന്ന വെള്ളത്തെയാണ് ഹോട്ടലുകളും മറ്റും ആശ്രയിക്കുന്നത്.

കാണനുണ്ട് ഒത്തിരി

താരതമേന്യ ഊട്ടിയിൽ ചൂട് കൂടുതലാണ്. എന്നാൽ ഊട്ടിയിലെത്തുന്നവർക്ക് എവിടെ പോകണം എന്നതിൽ ധാരണ ഇല്ലാത്തതിനാലാണ് തണുപ്പ് ആസ്വദിക്കാൻ സാധിക്കാത്തത്. മലയാളികൾ ഊട്ടിയിൽ എത്തിയാൽ ബോട്ടാണിക്കൽ ഗാർഡൻ, കർണാടക ഗാർഡൻ, ബോട്ട് ഹൗസ് എന്നിവ കണ്ടുതിരികെ മല ഇറങ്ങുന്നതാണ് പതിവ്. ഊട്ടിയിലെത്തി എല്ലാ ഇടവും ആസ്വദിക്കുന്നവർ കുറവാണ്.

ഊട്ടിയിൽ തന്നെ ഇപ്പോൾ തണുപ്പ് കൂടുതൽ ഉള്ളതും കുറവ് ഉള്ളതുമായ സ്ഥലങ്ങളുണ്ട്, ഒരു ദിവസത്തിനായി ഊട്ടിയിൽ വരുന്നവർക്ക് ബോട്ടാണിക്കൽ ഗാർഡൻ, കർണാടക ഗാർഡൻ, ബോട്ട് ഹൗസ് എന്നീ സ്ഥലങ്ങൾ ശരിക്ക് ആസ്വദിച്ചു കഴിയുമ്പോഴേക്കും ഒരു ദിവസം കഴിയും. പുലിയും കാട്ടു പോത്തും പന്നിയും എന്നു വേണ്ട പലതിനെയും കണ്ടും ആസ്വദിച്ചും താമസിക്കാനും ട്രെക്കിംഗിന് പോകാനും പറ്റിയ ഇടങ്ങൾ ഊട്ടി ടൗണിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുണ്ട്. ഊട്ടിയിൽ ഫ്ളവർ ഷോയും ഡോഗ്‌ ഷോയും ഒക്കെയായി സീസൺ ആരംഭിക്കാനിരിക്കെയാണ്. മേയ് 10 മുതൽ 20 വരെയാണ് പുഷ്പമേള.

കുടിവെള്ളം കിട്ടാക്കനി

വേനലവധി സീസൺ തുടങ്ങി, പുഷ്മമേളയ്ക്ക് തയ്യാറെടുക്കുന്ന ഊട്ടിയിൽ പല ഭാഗങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. ആഴ്ചകളായി വെള്ളം ലഭിക്കാതായതോടെ ഊട്ടി ഗ്രീൻഫീൽഡിൽ ജനം കുടങ്ങളുമായി റോഡ് ഉപരോധിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരുന്നു. നഗരത്തിലേക്കുള്ള ശുദ്ധജല വിതരണത്തിന്റെ 80 ശതമാനം നിർവഹിക്കുന്ന പാർസൻസ് വാലി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതാണ് പ്രതിസന്ധിക്ക് കാരണം. സംഭരണശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിൽ ശേഷിക്കുന്നത്. ഇതോടെ ഊട്ടി നഗരസഭയിലെ 36 വാർഡുകളിൽ ശുദ്ധജലവിതരണം മുടങ്ങുന്ന അവസ്ഥയാണ്.

നഗരത്തിലേക്കു ശുദ്ധജലവിതരണത്തിന് ആശ്രയിക്കുന്ന മറ്റു റിസർവോയറുകളായ മാർലിമന്ത്, ടൈഗർഹിൽ, ഗോറിശോല, ദൊഡ്ഡബെട്ട അപ്പർ, ലോവർ, കോടപ്പമന്ത് അപ്പർ, ലോവർ, ഓൾഡ് ഊട്ടി, ഗ്ലെൻറോക്ക് തുടങ്ങിയവയും വറ്റിക്കൊണ്ടിരിക്കുകയാണ്. മുൻവർഷത്തെ അപേക്ഷിച്ചു മഴ തീരെ കുറഞ്ഞതോടെ മേഖല കൊടുംചൂടിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ഇ-പാസ് നിർബന്ധം

തമിഴ്നാട്ടിലെ ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലെക്ക് പോകുന്ന വാഹനങ്ങൾക്ക് ഇ-പാസ് നിർബന്ധമാക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നീലഗിരിയിലെ ജൈവവൈവിദ്ധ്യം സംരക്ഷിക്കാൻ നിയന്ത്രണം അനിവാര്യം ആണെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. മേയ് 7 മുതൽ പൈലറ്റ് അടിസ്ഥാനത്തിൽ ഇ- പാസ് ഏർപെടുത്താൻ ആണ് ഹൈക്കോടതിയുടെ നിർദ്ദേശം.

ഊട്ടിയിലേക്കും, കൊടൈക്കനാലിലേക്കും ഉള്ള റോഡുകളിൽ ഉൾകൊള്ളാവുന്നതിലും അധികം വാഹനങ്ങൾ ആണ് സർവീസ് നടത്തുന്നത് എന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതിദിനം 20,000 ത്തിൽ അധികം വാഹനങ്ങൾ ആണ് നീലഗിരിയിലേക്ക് പ്രവേശിക്കുന്നത്. ടൂറിസ്റ്റ് സീസണുകളിൽ പ്രതിദിനം ശരാശരി 11,509 കാറുകൾ, 1341 വാനുകൾ, 637 ബസുകൾ, 6,524 ഇരു ചക്ര വാഹനങ്ങൾ എന്നിവയാണ് നീലഗിരിയിൽ എത്തുന്നത് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് ഭയാനകമായ അവസ്ഥ ആണെന്ന് ജസ്റ്റിസ് മാരായ എൻ. സതീഷ് കുമാർ, ഡി. ഭാരത ചക്രവർത്തി എന്നിവർ പുറപ്പടിവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആനത്താരകളിലൂടെയാണ് റോഡുകൾ കടന്ന് പോകുന്നത്. വാഹങ്ങങ്ങളുടെ ബാഹുല്യം കാരണം പലപ്പോഴും കാടിന് ഉള്ളിലെ റോഡുകളിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നു. വാഹനങ്ങൾ നിരയായി മണിക്കൂറുകളോളം കിടക്കുന്നത് കൊണ്ട് ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് മൃഗങ്ങൾ ആണെന്നും മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തത്തിൽ വാഹനങ്ങളെ നിയന്ത്രിക്കാൻ ഇ- പാസ് സംവിധാനം ഏർപെടുത്തണം എന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.


ഡിണ്ടിഗൽ, നീലഗിരി ജില്ലാ കളക്ടർമാർക്ക് ആണ് ഇ- പാസ് സംവിധാനം ഏർപെടുത്താൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. മേയ് 7 മുതൽ അടുത്ത വർഷം ജൂൺ 30 വരെ പയലറ്റ് അടിസ്ഥാനത്തിൽ ഇ-പാസ് ഏർപെടുത്തണം എന്നാണ് ഉത്തരവിൽ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. പയലറ്റ് അടിസ്ഥാനത്തിൽ ഇ-പാസ് ഏർപെടുത്തുമ്പോൾ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കേണ്ടത് ഇല്ല. തദ്ദേശ വാസികളുടെ വാഹനങ്ങൾക്കും, സാധനങ്ങൾ കൊണ്ട് പോകുന്ന വാഹനങ്ങൾക്കും നിയന്ത്രണം ബാധകം ആക്കേണ്ടത്തില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
Advertisement