ഡി.എം.ഒ ഓഫീസിന് പുതിയ കെട്ടിടം  ഒരു വർഷത്തിനകം നിർമ്മാണം

Saturday 04 May 2024 12:14 AM IST

കൊച്ചി: ശോച്യാവസ്ഥയിൽ നിന്നുള്ള കെട്ടിടത്തിൽ നിന്ന് ജില്ലാ മെഡിക്കൽ ഓഫീസ് 10 കോടിയുടെ പുതിയ കെട്ടിടത്തിലേക്ക് മാറും. ജില്ലയിലെ 118 സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ മുഴുവൻ നടത്തിപ്പിനു ചുമതല ജില്ലാ മെഡിക്കൽ ഓഫീസിനാണ്. ജനറൽ ആശുപത്രിക്ക് സമീപമുള്ള ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിൽ നിന്നാണ് 16 സെന്റിൽ പണികഴിപ്പിക്കുന്ന നാല് നില കെട്ടിടത്തിലേക്കാണ് ജില്ലാ മെഡിക്കൽ ഓഫീസ് മാറുക. 10 കോടിക്ക് മുകളിലാണ് നിർമ്മാണ ചെലവ്.
മിനിസ്റ്റീരിയൽ വിഭാഗം, പ്രോഗ്രാം ഓഫീസർമാർ, ഡെപ്യൂട്ടി ഡി.എം.ഒ, അഡീഷണൽ ഡി.എം.ഒ, മാസ് മീഡിയ ഓഫീസർ, ടെക്‌നിക്കൽ അസിസ്റ്റന്റുമാർ, സ്റ്റാറ്റിസ്റ്റിക്‌സ് വിംഗ്‌സ്, വിവിധ അസുഖങ്ങളുടെ പ്രത്യേക വിഭാഗങ്ങൾ, പി.വി.സി യൂണിറ്റ് തുടങ്ങി നിരവധി വിഭാഗങ്ങളിലായി 170 ലേറെ ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

രണ്ട് നിലകളിലായുള്ള ഇടുങ്ങിയ ഓഫീസിനുള്ളിൽ ഇപ്പോൾ നിന്നു തിരിയാനുള്ള സ്ഥലം പോലുമില്ല. ഇതിനെത്തുടർന്നാണ് പുതിയ കെട്ടിടം എന്ന ആശയം ഉയർന്നത്.

നഴ്‌സിംഗ് കോളേജിനു സമീപത്തായി ഒഴിഞ്ഞുകിടക്കുന്ന 16 സെന്റിൽ വരുന്ന പുതിയ കെട്ടിടത്തിൽ പാർക്കിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ ഉണ്ടാകും. അത്യാധുനിക സംവിധാനങ്ങളോടെയാകും കെട്ടിടം നിർമ്മിക്കുക.


വാക്‌സിൻ സെന്ററിലേക്ക് മാറ്റില്ല

ഇടപ്പള്ളിയിലെ മേഖലാ വാക്സിൻ സെന്റർ സ്ഥിതി ചെയ്യുന്ന പുതിയ മൂന്ന് നില കെട്ടിടത്തിലേക്ക് ജില്ലാ മെഡിക്കൽ ഓഫീസ് മാറ്റാൻ പദ്ധതിയിട്ടിരുന്നു. പ്രാഥമിക പരിശോധനകൾക്ക് ശേഷം സ്ഥലപരിമിതി മൂലം തീരുമാനം മാറ്റി.

 കീഴിൽ വരുന്ന സ്ഥാപനങ്ങൾ

സർക്കാർ ആശുപത്രികൾ- ജനറൽ ആശുപത്രി എറണാകുളം, മൂവാറ്റുപുഴ, ജില്ലാ ആശുപത്രി ആലുവ, ഹൈക്കോർട്ട് ഡിസ്പൻസറി, ജില്ലാ ടി.ബി സെന്റർ, മട്ടാഞ്ചേരി- കരുവേലിപ്പടി ആശുപത്രികൾ

താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രികൾ- ഫോർട്ട്‌കൊച്ചി, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, കോതമംഗലം, നോർത്ത് പറവൂർ


താലൂക്ക് ആശുപത്രികൾ- ഞാറക്കൽ, കരുവേലിപ്പടി, അങ്കമാലി, പുത്തൻവേലിക്കര, പള്ളുരുത്തി.


സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ- 23

പ്രാഥമിക/ കുടുംബാരോഗ്യ കേന്ദ്രങ്ങൾ- 75

Advertisement
Advertisement