മുദ്രപത്രം ക്ഷാമം രൂക്ഷം, ചെറിയ മൂല്യമുള്ളവക്കായി നെട്ടോട്ടം

Saturday 04 May 2024 1:25 AM IST
stamp paper

പാലക്കാട്: ജില്ലയിൽ മുദ്രപത്ര ക്ഷാമം രൂക്ഷം. കൂടുതൽ ആവശ്യമുള്ളതും ചെറിയ മൂല്യമുള്ളതുമായ 50, 100 രൂപ തുടങ്ങിയ മുദ്രപത്രങ്ങളാണ് കിട്ടാനില്ലാതായത്. ജില്ലാ ട്രഷറിയിലുള്ള സ്റ്റാമ്പ് ഡിപ്പോയിൽ ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങൾ തീർന്നതാണ് ക്ഷാമത്തിന് കാരണമായത്.

 50 രൂപയാണ് ഇപ്പോൾ കുറഞ്ഞ മുദ്രപ്പത്രവില. ഇത് കിട്ടാതായിട്ട് കുറേയായി. 100 രൂപയുടേത് ഒരാഴ്ചമുമ്പുവരെ ലഭ്യമായിരുന്നെന്ന് ട്രഷറി അധികൃതർ പറയുന്നു. ഇപ്പോൾ രണ്ടും ജില്ലയിൽ തീരേ ലഭ്യമല്ല. 50 രൂപയുടെ മുദ്രപ്പത്രം അടുത്താഴ്ചയോടെ ജില്ലാ ട്രഷറിയിലെത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 50 രൂപയുടെ മൂന്നുലക്ഷം മുദ്രപ്പത്രം വേണമെന്നാണ് തിരുവനന്തപുരത്തെ സെൻട്രൽ ഡിപ്പോയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

തിരുവനന്തപുരത്തുള്ള സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്നാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് മുദ്രപത്രങ്ങൾ എത്തുന്നത്. വിൽപന നടത്തുന്ന സ്റ്റാമ്പ് വെണ്ടർമാർക്കും സബ് ട്രഷറികളിലേക്കും മുദ്രപത്രം വിതരണം ചെയ്യുന്നത് ജില്ലാ ട്രഷറിയിലുള്ള ജില്ലാ സ്റ്റാമ്പ് ഡിപ്പോയിൽ നിന്നാണ്.

 ഇരട്ടിച്ചെലവ്

ചെറിയ ആവശ്യം നടത്താൻ പോലും മൂല്യം കൂടിയ മുദ്രപത്രം വാങ്ങേണ്ട ഗതികേടിലാണ് ജനം. 50, 100 രൂപ മൂല്യമുള്ള മുദ്ര പേപ്പറുകൾക്ക് ക്ഷാമം ഉള്ളതിനാൽ ഇവയ്ക്ക് പകരം 500 രൂപ മൂല്യമുള്ള മുദ്രപത്രം വാങ്ങേണ്ടി വരുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.

 രണ്ടായിരത്തോളം രൂപയുണ്ടെങ്കിൽ വൈദ്യുതിവാതക ശ്മശാനങ്ങളിൽ മൃതദേഹങ്ങളുടെ സംസ്‌കാരം നടത്താം. എന്നാൽ, ഇതിനൊപ്പം 500 രൂപയുടെ മുദ്രപ്പത്രച്ചെലവുകുടി വേണ്ടിവരുന്നത് ജനങ്ങളെ പ്രയാസത്തിലാക്കുന്നുണ്ട്. 50, 100 രൂപയുടെ മുദ്രപ്പത്രങ്ങൾ കിട്ടാതായതോടെയാണ് 500 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം നൽകി ശ്മശാനങ്ങളിൽ മൃതദേഹം സംസ്‌കരിക്കേണ്ടിവരുന്നത്.

പാലക്കാട് ചന്ദ്രനഗർ വൈദ്യുതശ്മശാനത്തിൽ 50 രൂപയുടെ മുദ്രപ്പത്രത്തിലാണ് വിവരങ്ങൾ നൽകേണ്ടത്. അതിപ്പോൾ 500 രൂപയുടെ മുദ്രപ്പത്രത്തിൽ നൽകേണ്ട സ്ഥിതിയാണ്. ചില വാതകശ്മശാനങ്ങളിൽ മുദ്രപ്പത്രം നിർബന്ധമില്ല. തദ്ദേശസ്ഥാപന പ്രതിനിധികളുടെ കത്തുമാത്രം മതി.


 സ്റ്റാമ്പ് ഉപയോഗിക്കാം

രജിസ്‌ട്രേഷൻ ആവശ്യങ്ങൾക്കൊഴികെയുള്ള മുദ്രപ്പത്രങ്ങൾക്കുപകരം, നിശ്ചിത തുകയ്ക്കുള്ള സ്‌പെഷ്യൽ അഡ്ഹസീവ് സ്റ്റാമ്പുകൾ പതിച്ച് നൽകാവുന്നതാണെന്ന് ട്രഷറി അധികൃതർ പറയുന്നു. ഈ സ്റ്റാമ്പുകൾ വെണ്ടർമാരിൽനിന്ന് ലഭിക്കും. നൽകേണ്ട വിവരങ്ങൾ കടലാസിൽ തയ്യാറാക്കി സ്റ്റാമ്പുകൾ പതിച്ച് നൽകുന്നതിന് നിയമസാധുതയുണ്ട്.

 സർക്കാർ ഇടപെടണം

ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നും പൊതുജന ആവശ്യം മുൻനിറുത്തി ഇക്കാര്യത്തിൽ സർക്കാറിന്റെ അടിയന്തര ശ്രദ്ധ പതിയണമെന്നും ആധാരമെഴുത്തുകാർ ആവശ്യപ്പെട്ടു.

Advertisement
Advertisement