160 കുഴൽക്കിണറുകളിൽ ഉറവവറ്റി

Saturday 04 May 2024 1:40 AM IST
borewell

എലവഞ്ചേരി: പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ കിഴക്കൻ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. മലയോര പഞ്ചായത്തായ എലവഞ്ചേരിയിൽ മാത്രം 160 കുഴൽക്കിണറുകളിലെ ഉറവ വറ്റി. ഇതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ജനം.

തുറന്ന കിണറുകളും കുഴൽക്കിണറുകളും ഒരുപോലെ വറ്റിയതോടെ കഴിഞ്ഞ രണ്ടുമാസത്തിലധികമായി ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ടാങ്കർ ലോറികളിൽ വിതരണം ചെയ്യുന്ന വെള്ളമാണ് ജനങ്ങൾക്ക് ആശ്രയം.

ജലക്ഷാമം രൂക്ഷമായനുഭവപ്പെടുന്ന ആണ്ടിത്തറക്കാട്, കുമ്പളക്കോട്, കരിപ്പായി, തൂറ്റിപ്പാടം, പെരുങ്ങോട്ടുകാവ്, കിഴക്കേമുറി, ആണ്ടിത്തറ, മുടക്കോട്, നെല്ലഞ്ചേരി, കണക്കൻകാട്, മണ്ണാത്തിക്കൊളുമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ ടാങ്കർലോറിയിൽ വെള്ളം വിതരണം തുടരുന്നുണ്ട്.

കഴിഞ്ഞ രണ്ടാംവിള സീസണിൽ ചുള്ളിയാർ ഡാമിൽനിന്നുള്ള ജലവിതരണം നാമമാത്രമാകുകയും പാടങ്ങൾ ജനുവരിയോടെതന്നെ വറ്റിവരളുകയും ചെയ്തതാണ് ഭൂഗർഭ ജലവിതാനം ഗണ്യമായി താഴാനും കിണറുകളിൽ വെള്ളം കുറയാനും കരണം. ദിവസവും മൂന്ന് ടാങ്കർലോറികളിൽ തുടർച്ചയായി വെള്ളം വിതരണം ചെയ്യുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ പറഞ്ഞു. പല്ലശ്ശന പഞ്ചായത്തിലെ പാറക്കളം, പുത്തോട് തറ, കുമ്പളക്കോട്, കുളത്തിങ്കൽ, അണ്ണക്കോട്, മുരുക്കുളി തുടങ്ങിയ പ്രദേശങ്ങളിലും ജലക്ഷാമം തുടരുന്നുണ്ട്.

കൊല്ലങ്കോട് പഞ്ചായത്തിലെ പയ്യലൂർ, മാമണി, കാവളക്കോട്, ഗ്രാമം, ഒടിഞ്ഞൽ തുടങ്ങിയ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഈ പ്രദേശങ്ങളിൽ ടാങ്കർ ജലവിതരണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

കെ.സത്യപാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.

Advertisement
Advertisement