ചൂടിൽ കലിതുള്ളി കടലും കരയും,​ ഇന്ന് അതിരൂക്ഷ കടലേറ്റം, ജാഗ്രത

Saturday 04 May 2024 4:23 AM IST

 കേരള തീരത്ത് റെഡ് അലർട്ട്

 3 ജില്ലയിൽ ഉഷ്ണതരംഗ സാദ്ധ്യത

തിരുവനന്തപുരം: കൊടുംചൂട് കടലിനെയും ചുട്ടുപൊള്ളിച്ചതോടെ അതീവ ജാഗ്രതയ്ക്ക് നിർദ്ദേശം. ഇന്ന് പടുകൂറ്റൻ തിരമാലയ്ക്കും കടലേറ്റത്തിനും സാദ്ധ്യതയുള്ളതിനാൽ കേരള തീരത്താകെ റെഡ് അലർട്ടാണ്. കള്ളക്കടൽ പ്രതിഭാസം ആവർത്തിക്കുന്നതാണ് കാരണം. ഉഷ്ണതരംഗം കണക്കിലെടുത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

വരുന്ന ചൊവ്വാഴ്ച വരെ ഈ സാഹചര്യം തുടരുമെന്ന് കാലാവസ്ഥാകേന്ദ്രവും സമുദ്രസ്ഥിതി പഠന ഇൻസ്റ്റിറ്റ്യൂട്ടായ ഇൻകോയ്സും അറിയിച്ചു. ഇന്ന് പുലർച്ചെ രണ്ടരമുതൽ നാളെ രാത്രി 11.30 വരെയാണ് തീരങ്ങളിൽ റെഡ് അലർട്ട്. തിരമാല ഒന്നരമീറ്റർ വരെ ഉയരും. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാദ്ധ്യതയുണ്ട്. രണ്ടാഴ്ച മുമ്പും കേരളത്തിൽ കള്ളക്കടൽ കാരണം കടലാക്രമണമുണ്ടായി. ഇന്ന് അതിനെക്കാൾ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. കടൽ കരയിലേക്ക് 200 മീറ്റർ വരെ അടിച്ചുകയറാം.

സംസ്ഥാനത്ത് 36- 41 ഡിഗ്രിയാണ് പകൽ ചൂട്. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നു മുതൽ 7 വരെ യെല്ലോ അലർട്ടാണ്. പാലക്കാട്ട് ഏപ്രിലിൽ അഞ്ച് ദിവസവും കഴിഞ്ഞ രണ്ടുദിവസവും ഉഷ്ണതരംഗമുണ്ടായി. ഇന്നലെ പാലക്കാട്ട് 40.4ഡിഗ്രിയായിരുന്നു ചൂട്.

സംസ്ഥാനത്ത് ഇതുവരെ അഞ്ചുപേർ സൂര്യാഘാതത്താൽ മരിച്ചു. ഇലക്ഷൻ ദിവസം പത്തുപേരും കുഴഞ്ഞുവീണ് മരിച്ചിരുന്നു.

ഇന്നലെ ആലപ്പുഴയിൽ തൈക്കാട്ടുശേരിയിലും കോട്ടയത്തെ കുമരകത്തും മാത്രമാണ് നേരിയ വേനൽമഴ ലഭിച്ചത്. ഒരു മാസമായി തൃശ്ശൂർ മുതൽ കാസർകോടുവരെ വേനൽമഴ കിട്ടിയിട്ടില്ല. ഈമാസം മൂന്നാംവാരം വേനൽമഴ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. കാലവർഷം എന്നെത്തുമെന്ന് 15ന് ശേഷമേ അറിയാനാകൂ.

തീരത്തുള്ളവർ പാലിക്കാൻ

1. അധികൃതരുടെ നിർദേശാനുസരണം തീരത്തുനിന്ന് മാറി താമസിക്കണം
2. മത്സ്യബന്ധന ബോട്ട്, വള്ളം മുതലായവ സുരക്ഷിത അകലത്തിൽ കെട്ടിയിടണം

3. ബീച്ചിലേക്കുള്ള യാത്രയും കടൽത്തീര വിനോദവും പൂർണമായും ഒഴിവാക്കണം

4. മത്സ്യത്തൊഴിലാളികളുൾപ്പെടെ രാത്രി പത്തിന് ശേഷം കടലിൽ ഇറങ്ങരുത്

ചൂടിൽ നിന്ന് രക്ഷയ്ക്ക്

1. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം

2. പകൽ 11മുതൽ 3വരെ വെയിലത്ത് ജോലിയെടുക്കരുത്

3. കുഴഞ്ഞു വീഴാതിരിക്കാൻ ജാഗ്രത പാലിക്കണം

4. കുട ചൂടിയോ തുണി തലയിൽ ചുറ്റിയോ പുറത്തിറങ്ങണം

ചൂട് കൊന്നത്

497 പശുക്കളെ

 ചൂട് താങ്ങാനാകാതെ സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു മാസത്തിനിടെ ചത്തത് 497 പശുക്കൾ. സംസ്ഥാന ചരിത്രത്തിൽ ആദ്യം. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെ കണക്കാണ്

 ഏറ്റവുമധികം കാലികൾ ചത്തത് കൊല്ലം ജില്ലയിലാണ് - 10. ഏറ്റവും കുറവ് കണ്ണൂരിൽ - 3. ചൂട് കൂടിയതോടെ പ്രതിദിന പാലുത്പാദനത്തിൽ 6.5 ലക്ഷം ലിറ്ററിന്റെ കുറവുമുണ്ടായി

Advertisement
Advertisement