റേഡിയേഷൻ ചികിത്സ ഒരാഴ്ചയ്‌ക്കകം: ആർ.സി.സിയിലെ സൈബർ ആക്രമണം വിദേശത്തു നിന്ന്

Saturday 04 May 2024 1:52 AM IST

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിറിലെ (ആർ.സി.സി) റേഡിയേൽൻ ചികിത്സ മുടക്കിയ സൈബർ ആക്രമണം വിദേശത്ത് നിന്നാണെണ് സ്ഥിരീകരിച്ച് പൊലീസ്. ആക്രമണത്തിനിരയായ 14സെർവറുകളിൽ 11എണ്ണമേ വീണ്ടെടുത്തിട്ടുള്ളൂ. അതിനാൽ റേഡിയേഷൻ ചികിത്സ അടുത്ത ആഴ്ചയേ പുനരാരംഭിക്കൂ.

ആക്രമണം ഏത് രാജ്യത്തു നിന്നാണെന്നും ഏത് ഐ.പി വിലാസത്തിൽ നിന്നാണെന്നും കണ്ടെത്താൻ സൈബർ, ഫോറൻസിക്, ലോഗ് പരിശോധന പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കകം ഇത് പൂർത്തിയാവും. കമ്പ്യൂട്ടറുകളുടെ ലോഗ്അനാലിസിസിലൂടെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. മൂന്ന് ടീമുകളാണ് അന്വേഷിക്കുന്നത്.

2022ൽ ഡൽഹി എയിംസിൽ സൈബർ ആക്രമണം നടത്തിയ ചൈനീസ് ഹാക്കർമാർക്കെതിരേ ഭീകരവാദക്കുറ്റം ചുമത്തിയിരുന്നു. സമാന നടപടി ഇവിടെയും ഉണ്ടാവും. ആർ.സി.സിയിലെ സൈബർആക്രമണം 'കേരളകൗമുദി'യാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് റേഡിയേഷൻ സോഫ്‌റ്റ്‌വെയർ അപ്‌ലോഡ് ചെയ്ത സെർവറുകൾ ആക്രമിക്കപ്പെട്ടത്. 20ലക്ഷത്തിലേറെ രോഗികളുടെ ചികിത്സാ വിവരങ്ങൾ ലോക്ക് ചെയ്ത ഹാക്കർമാർ ഇവ വിട്ടുനൽകാൻ ബന്ധപ്പെടാനുള്ള ഇ-മെയിൽ വിലാസം നൽകിയിരുന്നു. ഇതിൽ ബന്ധപ്പെട്ട് പൊലീസ് വിവരങ്ങൾ ശേഖരിക്കും.

ഡേറ്റ വിട്ടുനൽകാൻ ഹാക്കർമാർ ക്രിപ്‌റ്റോകറൻസിയിൽ പണം ആവശ്യപ്പെട്ടാൽ, കൊച്ചിയിലെ പ്രത്യേകസംഘവും അന്വേഷിക്കും. ഹാക്കിംഗിൽ പഴുതുകൾ അവശേഷിപ്പിച്ചതിനാൽ പ്രതികൾ പ്രൊഫഷണൽ സംഘങ്ങളാവില്ലെന്നാണ് പൊലീസിന്റെ നിഗമനം.

സൈബർ പൊലീസും ഐ.ടി വകുപ്പിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും (സെർട്ട്-കെ) അടിയന്തര നടപടികളിലൂടെയാണ് ഡേറ്റ വീണ്ടെടുത്തത്. സോഫ്‌റ്റ്‌വെയർ കമ്പനികളായ ജി.ഇ, വേരിയന്റ് എന്നിവയും ആർ.സി.സിയിലെ ഐ.ടി വിഭാഗവും ചേർന്ന് ഭാവിയിൽ സൈബർ ആക്രമണങ്ങൾ തടയാനുള്ള ഫയർവാൾ, ആന്റിവൈറസ് പ്രതിരോധം സജ്ജമാക്കുകയാണ്. ഇത് ഇന്ന് പൂർത്തിയാക്കി സോഫ്‌റ്റ്‌വെയർ ഓഡിറ്റിംഗും നടത്തിയ ശേഷം റേഡിയേഷൻ ചികിത്സ പുനരാരംഭിക്കും.

എഫ്.ഐ.ആർ ശക്തമാണം

വിദേശ ആക്രമണമായതിനാൽ കൃത്യമായ സാങ്കേതികവിവരങ്ങൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തണം. ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര വേദികളിൽ തെളിവായി ഇത് ഹാജരാക്കും.

ഡൽഹി, ബംഗാൾ പൊലീസ് സെർവറുകളും മലപ്പുറം താനൂരിലെ രണ്ട് വ്യക്തികളുടെ കമ്പ്യൂട്ടറുകളും ഹാക്ക്ചെയ്തത് റഷ്യൻ, ഉക്രെയിൻ ബന്ധമുള്ളവരായിരുന്നു. 18കാരനായ പ്രതിയെ ഡാർക്ക് വെബിൽ നിന്നാണ് പൊക്കിയത്.

Advertisement
Advertisement