കലിപൂണ്ടെത്തും കള്ളക്കടൽ

Friday 03 May 2024 11:58 PM IST

കൊല്ലം: കള്ളക്കടൽ പ്രതിഭാസത്തിൽ കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ ജില്ലയുടെ തീരപ്രദേശത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു.

ഇന്ന് രാവിലെ 2.30 മുതൽ നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അപായ സൂചന മത്സ്യത്തൊഴിലാളികളും മേഖലയിലെ മറ്റുള്ളവരുമുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും നൽകിയിട്ടുണ്ട്. മൈക്ക് അനൗൺസ്മെന്റും നടത്തുന്നുണ്ട്. ആഴക്കടൽ മത്സ്യബന്ധനത്തിന് പോയവരുടെ സുരക്ഷ കാര്യങ്ങളുടെ നിർവഹണത്തിന് കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സമെന്റ് എന്നിവയെ ചുമതലപ്പെടുത്തി.

ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സി. ഓഫീസറായ എ.ഡി.എം സി.എസ്.അനിലിനാണ് പൊതു ഏകോപന ചുമതല. കൊല്ലം കേന്ദ്രീകരിച്ച് സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, കരുനാഗപ്പള്ളി മേഖലയിൽ എൽ.ആർ ഡെപ്യൂട്ടി കളക്ടർ ജിയോ.ടി.മനോജ് എന്നിവർക്കാണ് ചുമതല.

അതീവ ജാഗ്രത മുന്നറിയിപ്പ്

 അപകടമേഖലകളിൽ നിന്ന് മാറി താമസിക്കണം

 മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സൂക്ഷിക്കണം

 വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം

 ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണം

Advertisement
Advertisement