വേനൽച്ചൂടിൽ വെന്തുരുകി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, വൈദ്യുതി നിയന്ത്രണത്തിനൊരുങ്ങി കെഎസ്‌ഇബി

Saturday 04 May 2024 7:00 AM IST

തിരുവനന്തപുരം: അസഹനീയമായ ചൂടിൽ വെന്തുരുകയാണ് സംസ്ഥാനം. പല ജില്ലകളിലും സാധാരണയെക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ അധിക താപനിലയാണ് രേഖപ്പെടുത്തുന്നത്. ജാഗ്രതയുടെ ഭാഗമായി ഈമാസം ഏഴ് വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. ഇടുക്കി,വയനാട്, ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉയർന്ന ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിൽ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ കടന്നേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, ചൂടിന് ആശ്വാസമായി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴക്കും സാദ്ധ്യതയുണ്ട്. മേയ് ഏഴ് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

കെഎസ്‌ഇബിയുടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൽ കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തും. കഴിഞ്ഞ ദിവസം പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളിൽ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയിരുന്നു. മലബാർ മേഖലക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും. വൈകിട്ട് ഏഴ് മണി മുതൽ പുലർച്ചെ ഒരു മണി വരെ ഏത് സമയത്തും ലോഡ് ഷെഡിംഗ് ഏർപ്പെടുത്തും. ജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് കെഎസ്‌ഇബി അഭ്യർത്ഥിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗം കുറയ്‌ക്കാനുള്ള മാർഗനിർദേശങ്ങളും കെഎസ്ഇബി പുറത്തിറക്കിയിരുന്നു.

ചൂട് കൊന്നത് 497 പശുക്കളെ

 ചൂട് താങ്ങാനാകാതെ സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു മാസത്തിനിടെ ചത്തത് 497 പശുക്കൾ. സംസ്ഥാന ചരിത്രത്തിൽ ആദ്യം. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെ കണക്കാണ്.

 ഏറ്റവുമധികം കാലികൾ ചത്തത് കൊല്ലം ജില്ലയിലാണ് - 105. ഏറ്റവും കുറവ് കണ്ണൂരിൽ - 3. ചൂട് കൂടിയതോടെ പ്രതിദിന പാലുത്പാദനത്തിൽ 6.5 ലക്ഷം ലിറ്ററിന്റെ കുറവുമുണ്ടായി

Advertisement
Advertisement