എവിടെ മെസിക്ക് കളിക്കാനുള്ള സ്റ്റേഡിയം

Sunday 05 May 2024 12:14 AM IST

മലപ്പുറം: കേരളത്തിലെത്തുന്ന ഫുട്ബാൾ മിശിഹ ലയണൽ മെസിക്കും അർജന്റീന ടീമിനും പന്തുതട്ടാൻ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തോട് ചേ‌ർന്ന് അന്താരാഷ്ട്ര ഫുട്ബാൾ സ്റ്റേഡിയം നിർമ്മിക്കുമെന്ന സംസ്ഥാന സ‌ർക്കാരിന്റെ പ്രഖ്യാപനം എങ്ങുമെത്തിയില്ല. അർജന്റീന ടീം സൗഹൃദ മത്സരത്തിനായി കേരളത്തിലെത്തുമെന്ന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്റെ വെളിപ്പെടുത്തലിന് പിന്നാലെ ജനുവരിയിലാണ് സ്റ്റേഡിയം നിർമ്മാണം പ്രഖ്യാപിച്ചത്. മാർച്ചോടെ നിർമ്മാണം തുടങ്ങി 18 മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനായി 60 കോടി രൂപ കായികവകുപ്പ് വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ സ്റ്റേഡിയത്തിന്റെ ഡിസൈൻ പോലും തയ്യാറാക്കിയിട്ടില്ല. ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ ആണ് ഇതിന് ചുമതലപ്പെടുത്തിയത്. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കൈവശം പയ്യനാട് 25 ഏക്ക‌ർ ഭൂമിയുണ്ട്. പയ്യനാട്ടെ നിലവിലുള്ള സ്റ്റേഡിയം പ്രാക്ടീസ് ഗ്രൗണ്ടാക്കാനും തീരുമാനിച്ചിരുന്നു.

ഇന്ത്യയടങ്ങുന്ന ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ചിലത് നടത്താൻ സന്നദ്ധമാണെന്ന് കേരളം ഫിഫയെ അറിയിച്ചിരുന്നു. എന്നാൽ,​ മികച്ച നിലവാരമുള്ള സ്റ്റേഡിയമില്ലെന്നത് ചൂണ്ടിക്കാട്ടി ഫിഫ ഇത് നിരസിച്ചു. ഇതോടെയാണ് മഞ്ചേരി പയ്യനാട്ടിലും കോഴിക്കോട് ബീച്ചിനോട് ചേർന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള രണ്ട് സ്റ്റേഡിയങ്ങൾ നി‌ർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്.

എത്തുമോ അർജന്റീന

അർജന്റീന ടീം 2025 ഒക്ടോബറിൽ കേരളത്തിലെത്തുമെന്നും​ മഞ്ചേരി പയ്യനാട്ടെ പുതിയ സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചനയെന്നുമാണ് കായിക വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നത്. രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും. രണ്ടാം മത്സരം കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തെ പരിഗണിക്കും. അർജന്റിന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഓൺലൈൻ മീറ്റിംഗ് നടത്തിയതായും മന്ത്രി വ്യക്തമാക്കിയിരുന്നു. അർജന്റീന ടീം വരുമോ എന്നതിൽ കായിക വകുപ്പിന് ഇപ്പോൾ കൃത്യമായ ഉത്തരമില്ല. കേരളത്തിലേക്ക് വരണമെന്ന ആവശ്യം അർജന്റീന ടീം തള്ളിയിട്ടില്ലെന്നും അവരുമായി ബന്ധപ്പെടുന്നുണ്ട് എന്നാണ് കായിക വകുപ്പിന്റെ വിശദീകരണം.

Advertisement
Advertisement