അരളിപ്പൂവ് ഉപയോഗിക്കുന്നതിൽ തത്‌കാലം വിലക്കില്ല; റിപ്പോ‌ർട്ട് കിട്ടിയതിനുശേഷം തീരുമാനമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

Saturday 04 May 2024 4:53 PM IST

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നതിൽ തത്‌കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. അരളിപ്പൂവ് മരണകാരണമാകുമെന്ന് ആധികാരികമായ റിപ്പോർ‌ട്ട് ലഭിച്ചിട്ടില്ല. അങ്ങനെ റിപ്പോ‌ർട്ട് കിട്ടിയാൽ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്ന് ദേവസ്വം ബോ‌ർഡ് പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരുന്നുണ്ട്. ഇതിന് മുൻപ് പ്രസിഡന്റ് നിലപാട് വ്യക്തമാക്കുകയായിരുന്നു.

ഇന്നലെ ബോർഡ് ഇക്കാര്യത്തിൽ പ്രാഥമിക ചർച്ച നടത്തിയിരുന്നു. അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും അത് മരണത്തിന് വരെ കാരണമാകാമെന്നും കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചിരുന്നു.

ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ച യുവതി മരണപ്പെട്ടതിന് പിന്നാലെയാണ് ക്ഷേത്രങ്ങളിൽ ഇവ ഉപയോഗിക്കണോയെന്ന കാര്യത്തിൽ ചർച്ച നടത്തുന്നത്. യുവതിയുടെ മരണത്തിന് കാരണം അരളിയുടെ പൂവോ ഇലയോയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഉപയോ​ഗിക്കുന്നുണ്ട്. ക്ഷേത്ര വളപ്പിൽ അരളി നട്ട് വളർത്തേണ്ടെന്നും അഭിപ്രായമുണ്ട്. നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അർപ്പിക്കാറുണ്ട്.

കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചത്. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് മരണമെന്നാണ് പ്രാഥമിക നി​ഗമനം. വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക.


സംസ്ഥാനത്ത് ചില ക്ഷേത്രങ്ങളിൽ അരളി നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ​ഗുരുവായൂർ ക്ഷേത്രത്തിൽ പണ്ട് മുതലേ അരളി പൂജയ്ക്കോ, മാല ചാർത്താനോ ഉപയോ​ഗിക്കാറില്ലെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement