നെല്ല് സംഭരണത്തിൽ മില്ലുടമ അനാസ്ഥ കാണിക്കുന്നതായി പരാതി

Sunday 05 May 2024 12:48 AM IST

ചിറ്റൂർ: നെല്ല് സപ്ലൈക്കോ ഉദ്യോഗസ്ഥർ അളവും തൂക്കവും നിർണയിച്ച് ശീട്ട് നൽകി 15 ദിവസത്തിലേറെ ആയിട്ടും മില്ലുടമയുടെ ഏജന്റ് നെല്ല് എടുക്കാൻ കൂട്ടാക്കുന്നില്ലെന്ന് കർഷകരുടെ പരാതി. നല്ലേപ്പിള്ളി അരണ്ടപ്പള്ളം പാടശേഖരത്തിലെ മൂന്ന് കർഷകരുടെ നെല്ലാണ് രണ്ടാഴ്ചയോളമായി ഏജന്റിനെ കാത്തുകിടക്കുന്നത്. ലോറിക്കാവശ്യമായ നെല്ലില്ല എന്നതാണ് സംഭരണ തടസം. അരണ്ടപ്പള്ളം പാടശേഖരത്തിൽ കുന്നംങ്കാട്ടുപതി കനാലിന്റെ പാറക്കാൽ ബ്രാഞ്ചിലെ ബണ്ട് തകർച്ച കാരണം നിരവധി കർഷകർ വിള ഇറക്കിയില്ല. കൃഷിയിറക്കിയ രാധാകൃഷ്ണൻ, പൊന്നുസ്വാമി ചന്ദ്രൻ എന്നിവരുടെ 100 ൽ പരം ചാക്ക് നെല്ലാണ് ലോറിക്ക് ലോഡിനുള്ള നെല്ല് പോര എന്ന കാരണത്താൽ സംഭരണം വൈകിക്കുന്നത്.

വലിയ ലോറിക്ക് നെല്ല് ഇല്ലെങ്കിൽ ചെറിയ വാഹനം വിട്ട് എടുക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല. കർഷകർ കൃഷിഭവനിലും മറ്റും അറിയിച്ചെങ്കിലും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. സപ്ലൈക്കോ ഉദ്യോഗസ്ഥർ ശീട്ട് കൊടുത്താൽ നിശ്ചിത ദിവസത്തിനുള്ളിൽ നെല്ല് എടുക്കണമെന്നും പി.ആർ.എസ് കൊടുക്കണമെന്നും വ്യവസ്ഥയുണ്ട്. നെല്ല് സംഭരണം സമയബന്ധിതമായി നടക്കാൻ കർഷകൻ പാടശേഖര സമിതി കൃഷിഭവൻ, സപ്ലൈകോ ഉദ്യോഗസ്ഥർ, മില്ലുടമകൾ എന്നിവരുടെ ചുമതലകൾ നിശ്ചിത സമയത്തിനുള്ളിൽ നടത്തുന്നുണ്ടോ എന്ന് മോണിറ്ററിംഗ് നടത്താൻ വേണ്ട സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നു. ഇല്ലെങ്കിൽ ഇതിന് ഉത്തരവാദി കേരള സർക്കാരാണ് എന്ന് പറയാൻ ചിലർക്ക് അവസരമൊരുക്കലാവുമെന്ന് വിവിധ പാടശേഖര സമിതി ഭാരവാഹികളായ വി.രാജൻ, വി. പൊന്നു സ്വാമി, കെ.രാധാകൃഷ്ണൻ എന്നിവർ
പറഞ്ഞു.

Advertisement
Advertisement