മോചിപ്പിച്ചെന്നും ഇല്ലെന്നും റിപ്പോർട്ടുകൾ,​ ഇറാൻ റാഞ്ചിയ കപ്പലിൽ കുടുങ്ങിയ മലയാളികളുടെ വരവും കാത്ത് ബന്ധുക്കൾ 

Sunday 05 May 2024 12:24 AM IST

കോഴിക്കോട്: ഇറാൻ റാഞ്ചിയ കപ്പലിൽ കുടുങ്ങിയ മലയാളുടെ മോചനവിവരം സ്ഥിരീകരിക്കാതെ ബന്ധുക്കൾ. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ടി.പി.ശ്യാംനാഥ്, വയനാട് കാട്ടിക്കുളം സ്വദേശി പി.വി.ധനേഷ്, പാലക്കാട് കേരളശേരി വടശേരി സ്വദേശി ശിവരാമന്റെ മകൻ സുമേഷ് എന്നിവരാണ് കപ്പലിലുള്ളത്. കഴിഞ്ഞ രണ്ടുദിവസമായി ഇവരടക്കം 17 ഇന്ത്യക്കാരെയും മോചിപ്പിച്ചെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ബന്ധുക്കൾ ഇക്കാര്യം നിഷേധിച്ചു.

ഇന്ത്യൻ മാദ്ധ്യമങ്ങൾ പ്രത്യേകിച്ച് കേരളത്തിലെ മാദ്ധ്യമങ്ങൾ മോചനവാർത്തകൾ നൽകുമ്പോഴും, കപ്പലിൽ നിന്ന് മകൻ വിളിച്ചിരുന്നെന്നും മോചനവിവരം അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞെന്നും കോഴിക്കോട് സ്വദേശി ടി.പി.ശ്യാംനാഥിന്റെ പിതാവ് വിശ്വനാഥൻ പറഞ്ഞു. ''വെള്ളിയാഴ്ച രാവിലെ മുതൽ മകനടക്കം കപ്പലിലുള്ള മൂന്ന് മലയാളികളും മോചിതരായെന്ന വാർത്ത വന്നു. രാത്രി എട്ടരയോടെ മകൻ വിളിച്ചിരുന്നു. മോചിപ്പിക്കാനുള്ള നിർദ്ദേശം ഇറാൻ അധികൃതർ കപ്പൽ ഉടമകൾക്ക് നൽകിയിട്ടുണ്ടെന്ന് മാത്രമാണ് വിവരമെന്നും എപ്പോൾ മോചിപ്പിക്കുമെന്നറിയില്ലെന്നും സുരക്ഷിതരാണെന്നും ശ്യാംനാഥ് അറിയിച്ചു. വാർത്തകൾ വന്നതോടെ ഞങ്ങൾ ഇറാൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. മോചിപ്പിച്ചതായ വിവരം തനിക്കറിയില്ലെന്ന് അവിടത്തെ മലയാളി ഉദ്യോഗസ്ഥൻ സുകുമാരൻനായർ പറഞ്ഞു. അതേസമയം മോചനം ഉടനുണ്ടാവുമെന്നും പ്രശ്നമൊന്നുമില്ലാതെ നാട്ടിലെത്തുമെന്നും അദ്ദേഹം പറഞ്ഞു"- വിശ്വനാഥൻ പറയുന്നു.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 13ന് ഉച്ചയോടെയാണ് ടി.പി.ശ്യാംനാഥ് അടക്കം നാലു മലയാളികൾ അടങ്ങുന്ന കപ്പൽ ഇറാൻ റാഞ്ചിയത്.

ഇതിൽ തൃശൂർ സ്വദേശി ആൻടെസ ജോസഫ് മാത്രമാണ് തിരിച്ചെത്തിയത്. ധനേഷിന്റെയും സുമേഷിന്റെയും വീട്ടുകാർക്കും ഇതേ വിവരമാണുള്ളത്. കപ്പലിൽ കുടുങ്ങിയ മലയാളികൾ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരാണ്.

Advertisement
Advertisement