യു.ഡി.എഫ് 20 സീറ്റിലും വിജയിക്കും: എം.എം. ഹസൻ വോട്ട് ചെയ്യാത്തവരുടെ പട്ടിക തയ്യാറാക്കും

Sunday 05 May 2024 12:31 AM IST

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 20 സീറ്റിലും വിജയിക്കുമെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. തിരഞ്ഞെടുപ്പ് അവലോകനം ചെയ്തുകൊണ്ടുള്ള കെ.പി.സി.സി നേതൃയോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷിച്ചതിനെക്കാൾ വലിയ ഭൂരിപക്ഷമുണ്ടാവും. സംഘടനാപരമായ പ്രശ്നങ്ങൾ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതു പരിഹരിക്കും.

യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരായി നടക്കുന്ന വർഗീയ പ്രചാരണത്തിനെതിരെ വടകരയിൽ 11ന് യു.ഡി.എഫ് വിശദീകരണയോഗം സംഘടിപ്പിക്കും. പുറത്തു മതേതരത്വം പറയുന്ന സി.പി.എം ആദ്യം അത് നടപ്പിലാക്കേണ്ടത് അവരുടെ പാർട്ടിക്കുള്ളിലാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെയും ചെയ്യാത്തവരുടെയും പട്ടിക ബൂത്ത് അടിസ്ഥാനത്തിൽ തയ്യാറാക്കും. 14നു മുമ്പ് ഡി.സി.സി തലത്തിൽ യോഗങ്ങൾ വിളിച്ച് അതിലെടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 16 മുതൽ 20 വരെ മണ്ഡലം കമ്മറ്റികൾ യോഗം ചേരും. അതിൽ ബൂത്ത് പ്രസിഡന്റുമാരും ബൂത്ത് ലെവൽ ഏജന്റമാരും പങ്കെടുക്കും.

വോട്ട് ചെയ്യാത്തവർ എത്ര, മരണമടഞ്ഞവർ എത്ര എന്നിവ കണക്കാക്കും. വോട്ട് ചെയ്യാത്ത ആളുകൾ എന്തുകൊണ്ടാണ് അങ്ങനെ തീരുമാനമെടുത്തതെന്ന് പരിശോധിക്കും. യു.ഡി.എഫ് അനുഭാവികൾ വോട്ട് രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയെങ്കിൽ അത് എന്തുകൊണ്ടെന്ന് പരിശോധിച്ച് വ്യക്തമായ കാരണങ്ങളോടെ റിപ്പോർട്ട് തയ്യാറാക്കും. ഇവയെല്ലാം ക്രോഡീകരിച്ച് ഡി.സി.സി തലത്തിൽ സമഗ്ര റിപ്പോർട്ട് തയ്യാറാക്കി 24നു മുമ്പ് കെ.പി.സി.സിക്ക് സമർപ്പിക്കാൻ നിർദ്ദേശം നൽകും.ലോക്സഭ തിരഞ്ഞെടുപ്പ് ജോലികളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കാലതാമസം വരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഘടന ചുമതലയുളള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ, ഡി.സി.സി പ്രസിഡന്റുമാർ, വിവിധ മണ്ഡലങ്ങളിലെ ചുമതലയുള്ളവർ, സ്ഥാനാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.