ഉഷ്ണതരംഗമില്ല, വേനൽമഴ കിട്ടും

Sunday 05 May 2024 4:04 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില അല്പം താഴ്ന്നതോടെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു.പാലക്കാട്,ആലപ്പുഴ,കോഴിക്കോട് ജില്ലകളിലായിരുന്നു ഈ മുന്നറിയിപ്പ്. തിങ്കൾ വരെ പകൽച്ചൂട് മുന്നറിയിപ്പ് തുടരും. ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 39 ഡിഗ്രിവരെ എത്തിയേക്കും. കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ 37, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 എന്ന തരത്തിൽ താപനില ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

വരും ദിവസങ്ങളിൽ വേനൽച്ചൂട് കുറയുമെന്നും വ്യാപകമായി വേനൽ മഴ ലഭിക്കുമെന്നുമാണ് പ്രതീക്ഷ. മദ്ധ്യ,വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാദ്ധ്യത.തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയായിരിക്കും.

വേനൽ കഴിഞ്ഞുള്ള കാലവർഷത്തിൽ ശരാശരി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കള്ളക്കടൽ,ഓറഞ്ച് അലർട്ട്

കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനുമുള്ള റെഡ് അലർട്ട് പിൻവലിച്ചു. ഇന്ന് രാത്രിവരെ ഓറഞ്ച് അലർട്ട് തുടരും. കടലേറ്റത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. 1.5 മീറ്റർ വരെ ഉയരത്തിൽ തിരകളുണ്ടാവാം. തീരപ്രദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും പ്രത്യേകം ശ്രദ്ധ പുലർത്തണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ബോട്ടുകളും വള്ളങ്ങളും കെട്ടിയിട്ട് സൂക്ഷിക്കണം. വിനോദയാത്രകളും കടലിലിറങ്ങുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ട്.

Advertisement
Advertisement