പ്രായ നിബന്ധന; സമാശ്വാസധനം, ആശ്രിത  നിയമനം  നിയന്ത്രിക്കാൻ നീക്കം

Sunday 05 May 2024 4:10 AM IST

ഉദ്യോഗസ്ഥന്റെ മരണസമയത്ത് ആശ്രിതന് 13 തികഞ്ഞിരിക്കണം

പ്രായം കുറഞ്ഞവർക്കും ജോലിവേണ്ടാത്തവർക്കും
17- 25 ലക്ഷം വരെ

തിരുവനന്തപുരം: ആശ്രിത നിയമനത്തിന് അപേക്ഷിക്കുന്നവർക്ക് ഉദ്യോഗസ്ഥന്റെ മരണസമയത്ത് പതിമൂന്നോ അതിൽകൂടുതലോ വയസ് തികഞ്ഞിരിക്കണമെന്ന നിബന്ധന കൊണ്ടുവരും. പ്രായം കുറവാണെങ്കിൽ സമാശ്വാസ ധനം നൽകും. അർഹത ഉണ്ടെങ്കിലും നിയമനം വേണ്ടാത്തവർക്കും സമാശ്വാസ ധനത്തിന് അപേക്ഷിക്കാം.

മരിച്ച ഉദ്യോഗസ്ഥന്റെ തസ്തികയുടെയും സർവീസിന്റെയും അടിസ്ഥാനത്തിൽ 17 ലക്ഷം മുതൽ 25 ലക്ഷം വരെയാണ് സമാശ്വാസ ധനം. ഇത്രയും കാലം നിയമനം മാത്രമേ നൽകിയിരുന്നുള്ളൂ.

ഓരോ വകുപ്പിനും നിയമനാധികാരം ഉണ്ടായിരുന്നു. ഇനി മുതൽ പൊതുഭരണ വകുപ്പായിരിക്കും നിയമനാധികാരി. എല്ലാ വകുപ്പുകളും ഇതിനുള്ള ഒഴിവുകൾ പൊതുഭരണ വകുപ്പിന് റിപ്പോർട്ട് ചെയ്യണം.

ഉദ്യോഗസ്ഥ- ഭരണപരിഷ്കാര വകുപ്പ് തയ്യാറാക്കിയ കരട് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ സർവീസ് സംഘടനാ പ്രതിനിധികളുമായി ചർച്ചചെയ്തശേഷമേ അന്തിമ തീരുമാനത്തിലെത്തൂ. മേയ് 10 ന് 11 മണിക്ക് സെക്രട്ടേറിയറ്റ് അനെക്സ് രണ്ടിലെ ശ്രുതി ഹാളിലാണ് യോഗം.

ഓരോ പതിനാറാമത്തെ

ഒഴിവും ആശ്രിതർക്ക്

എല്ലാ വകുപ്പുകളിലെയും നേരിട്ടുള്ള നിയമനം വ്യവസ്ഥ ചെയ്തിട്ടുള്ള ക്ളാസ് മൂന്ന്, നാല്, സാങ്കേതിക വിഭാഗം, യൂണിഫോം തസ്തിക ഉൾപ്പെടെയുള്ള എൻട്രി കേഡർ തസ്തികകളുടെയും നിശ്ചിത ശതമാനം ആശ്രിത നിയമനത്തിന് മാറ്റിവയ്ക്കണം.

ആ തസ്തികകൾ ഏതെല്ലാമെന്ന് പൊതുഭരണ വകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.

തസ്തികകളുടെ ജില്ല തിരിച്ചും സംസ്ഥാനതലത്തിലുമുള്ള ഓരോ 16-ാമത്തെ ഒഴിവും ആശ്രിത നിയമനത്തിനായി പൊതുഭരണ വകുപ്പിലേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ ഓരോ വകുപ്പും റിപ്പോർട്ട് ചെയ്യണം.

ഹെഡ് ക്വാട്ടേഴ്സ് ഒഴിവുകൾ പരിഗണിക്കേണ്ടതില്ല.

അപേക്ഷകർക്ക് അഞ്ച് തസ്തികകൾ വരെ തിരഞ്ഞെടുക്കാം. അപേക്ഷിക്കാനുള്ള കാലാവധിക്ക്ശേഷം ഓപ്ഷൻ മാറ്റാൻ അവസരമുണ്ടാവില്ല.

അപേക്ഷിക്കാൻ

മൂന്നുവർഷം

അപേക്ഷകൾ ജീവനക്കാർ മരിച്ച് മൂന്ന് വർഷത്തിനകവും മൈനറാണെങ്കിൽ മേജർ ആയി മൂന്ന് വർഷത്തിനുള്ളിലും സമർപ്പിക്കണം.ഒരു കാരണവശാലും കാലതാമസം മാപ്പാക്കില്ല.

സമയപരിധി കഴിഞ്ഞാലും സമാശ്വാസ ധനത്തിന് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധിക്കുള്ളിൽ ആർജ്ജിക്കുന്ന യോഗ്യത മാത്രമേ നിയമനത്തിന് പരിഗണിക്കൂ.

കുടുംബ വരുമാന

പരിധി എട്ടു ലക്ഷം

സർക്കാർ നിശ്ചയിക്കുന്ന വരുമാനപരിധിയിൽ (നിലവിൽ എട്ട് ലക്ഷം രൂപ) ഉള്ളവർക്കേ നിയമനമോ,സമാശ്വാസധനമോ ലഭിക്കൂ. മരണം സംഭവിച്ച് ഒരു വർഷത്തിനുള്ളിൽ അയാളുടെ കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ് റവന്യൂഅധികാരികളിൽ നിന്ന് വാങ്ങി സൂക്ഷിക്കണം. നിർദ്ദിഷ്ട കാലയളവിന് ശേഷമുള്ള വരുമാന സർട്ടിഫിക്കറ്റ് പരിഗണിക്കില്ല.

Advertisement
Advertisement