പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റ് ഇനി 40,​ സമരം തുടരുമെന്ന് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ, വർക്കേഴ്സ് യൂണിയൻ പിന്മാറി

Sunday 05 May 2024 12:24 AM IST

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിന്റെ ഭാഗമായി പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30 ആയി കുറച്ചത് 40 ആക്കി ഗതാഗത വകുപ്പ് ഉത്തരവിറക്കി. എന്നാൽ, നിലവിലെ സമരത്തിൽ നിന്ന് പിന്മാറാൻ ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്സ് സമിതി വിസമ്മതിച്ചു. പ്രതിദിന ടെസ്റ്റിൽ 25 പേർ പുതിയ അപേക്ഷകരും 10 എണ്ണം റീ ടെസ്റ്റിന് അർഹത നേടിയവരുമായിരിക്കും. ശേഷിക്കുന്ന അഞ്ചെണ്ണം വിദേശത്ത് ജോലി, പഠനം എന്നിവയ്ക്കും നാട്ടിൽനിന്ന് അടിയന്തരമായി മടങ്ങിപ്പോകുന്നവർക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്. ഇവരുടെ അഭാവത്തിൽ ലേണേഴ്സ് ലൈസൻസ് കാലാവധി ഉടൻ അവസാനിക്കുന്നവരെ മുൻഗണനക്രമത്തിൽ പരിഗണിക്കുമെന്നാണ് ഗതാഗത വകുപ്പ് ഉത്തരവിൽ പറയുന്നത്.

ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്യുവൽ ക്ലച്ചും ബ്രേക്കും ഘടിപ്പിച്ച വാഹനങ്ങൾ മൂന്നുമാസത്തിനകം മാറ്രണം.15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളിൽ ടെസ്റ്റ് നടത്തുന്നത് ആറുമാസംകൂടി അനുവദിക്കും. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ അതേദിവസം വാഹനങ്ങളുടെ ഫിറ്റ്‌നെസ് ടെസ്റ്റും നടത്താൻ പാടില്ല. ടെസ്റ്റ് പരിഷ്‌കരണത്തിന്റെ ഭാഗമായി ഗ്രൗണ്ടുകൾ സജ്ജമാകാത്തിടങ്ങളിൽ നിലവിലുള്ള രീതിയിൽ 'എച്ച്' നടത്തും. തുടർന്ന് എത്രയും വേഗം ഗ്രൗണ്ട് സജ്ജമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കി.

ഉത്തരവിനു പിന്നാലെ,​ ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരുടെ സംഘടനയായ ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പണിമുടക്ക് പിൻവലിച്ചു. 23ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീമുമായി ചർച്ച നടത്താമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് സംഘടന പ്രസിഡന്റ് കെ.കെ. ദിവാകരനും ജനറൽ സെക്രട്ടറി സി.ടി.അനിൽകുമാറും പറഞ്ഞു.

 ഇളവില്ല,​ സമയം മത്രം

പുതിയ ഉത്തരവിലൂടെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ് നൽകിയെന്നത് വ്യാഖ്യാനം മാത്രമാണെന്നും കുറച്ച് സമയം അനുവദിക്കുക മാത്രമാണ് ചെയ്തതെന്നും ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി ചൂണ്ടിക്കാട്ടി. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ മാറ്റാൻ ആറു മാസം സാവകാശമാണ് നൽകിയത്. 15 വർഷം കഴിഞ്ഞ മറ്റു വാഹനങ്ങൾക്ക് മാനദണ്ഡങ്ങൾക്കു വിധേയമായി ഫിറ്റ്നസ് നേടി റോഡിൽ ഓടാൻ അനുവാദമുണ്ട്. ഇതേ വ്യവസ്ഥകൾ ഡ്രൈവിംഗ് ടെസ്റ്റിനുള്ള വാഹനങ്ങൾക്കും ബാധകമാക്കേണ്ടതാണ്. റോഡ് ടെസ്റ്റ് ആദ്യമാക്കുന്നത് പരാജയപ്പെടുന്നവരുടെ എണ്ണം കൂട്ടുമെന്നും അവർ പറയുന്നു.

Advertisement
Advertisement