ശബരിമല സ്‌പോട്ട് ബുക്കിംഗ് നിറുത്തി, പ്രതിദിന ഓൺലൈൻ ബുക്കിംഗ് 80,​000

Sunday 05 May 2024 4:25 AM IST

തിരുവനന്തപുരം: തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശബരിമലയിൽ മണ്ഡല - മകരവിളക്ക് കാലത്ത് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രമാക്കി. പമ്പ അടക്കം 12 കേന്ദ്രങ്ങളിൽ തീർത്ഥാടന കാലത്തുണ്ടായിരുന്ന സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കി. ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. പ്രതിദിന ബുക്കിംഗ് 90,​000 ആയിരുന്നത് 80,​000 ആക്കി. ഭക്തർക്ക് സുഖകരമായി ദർശനം സാദ്ധ്യമാക്കുന്നതിനുവേണ്ടിയാണിതെന്ന് ദേവസ്വം സെക്രട്ടറി ജി.ബൈജു പറഞ്ഞു. ശബരിമലയിൽ കഴിഞ്ഞ തവണ മണ്ഡലകാലത്ത് കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു. തിരക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്നതോടെ സർക്കാർ ഏറെ പഴിയും കേട്ടു. അടുത്ത സീസണിൽ ഏർപ്പെടുത്തേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജൂൺ 10ന് വീണ്ടും ശബരിമല സംബന്ധിച്ച് അവലോകനയോഗം ചേരും. ശബരിമല എക്‌സിക്യുട്ടീവ് ഓഫീസർ കൃഷ്ണകുമാർ,​ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ വി.എസ്.രാജേന്ദ്രപ്രസാദ്,​ ബോർഡ് അംഗം അഡ്വ.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement