ആർ.സി ബുക്ക് കിട്ടുന്നില്ല; യൂസ്ഡ് വാഹനമേഖല പ്രതിസന്ധിയിൽ

Sunday 05 May 2024 12:49 AM IST

* കിട്ടാനുള്ളത് 10 ലക്ഷത്തോളം ആർ.സി ബുക്കുകൾ

കൊച്ചി: ആർ.സി ബുക്ക് ലഭിക്കാത്തതിനാൽ പഴയ വാഹനങ്ങളുടെ കൈമാറ്റം നടക്കാതെ പ്രതിസന്ധിയിലായി യൂസ്ഡ് വെഹിക്കിൾ കച്ചവടമേഖല. കഴിഞ്ഞ നവംബർ 26 മുതലാണ് പ്രതിസന്ധി ആരംഭിച്ചത്. പ്രശ്നം പരിഹരിക്കാൻ സ‌ർക്കാർ തയ്യാറാവുന്നില്ല.

സംസ്ഥാനത്ത് 40000 യൂസ്ഡ് വെഹിക്കിൾ സ്ഥാപനങ്ങളാണുള്ളത്. മുമ്പ് ഒരുമാസം 15 വാഹനങ്ങൾ വിറ്രിരുന്നുവെങ്കിൽ ഇപ്പോൾ അഞ്ചെണ്ണത്തിൽ താഴെയാണ് വില്പന.
ആർ.സി ബുക്കിനായി 200 രൂപയും അതിനുപുറമേ തപാൽചാർജായ 45 രൂപയും മോട്ടോർവാഹനവകുപ്പിന് നൽകുന്നുണ്ട്. ആർ.സി ബുക്ക് ലഭിക്കാത്തതിനാൽ വില്പന നടത്തിയ വാഹനങ്ങളുടെ ഇൻഷ്വറൻസ് തുക യഥാർത്ഥ ഉടമയുടെ പേരിലേക്ക് മാറ്റാനും കഴിയുന്നില്ല. വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് തുക ക്ലെയിംചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്. ടാക്‌സികൾക്ക് അന്യസംസ്ഥാനങ്ങളിലേക്ക് പോകാനും അദർസ്‌റ്റേറ്റ് പെർമിറ്റ് കിട്ടാനും ആർ.സിബുക്ക് അത്യാവശ്യമാണ്. ഇത് കിട്ടുന്നതിലെ കാലതാമസം ടാക്‌സി ഉടമകൾക്കും വരുമാന നഷ്ടമുണ്ടാക്കുന്നു.

* അച്ചടി തേവരയിൽ

തേവരയിലെ സെൻട്രലൈസ്ഡ് ആർ.സി പ്രിന്റിംഗ് സ്റ്റേഷനാണ് ആർ.സി ബുക്കും ലൈസൻസും അച്ചടിക്കുന്നത്. ഇവർ അച്ചടിച്ച് തപാൽവകുപ്പുവഴി ഉടമയ്ക്ക് നൽകണം. പാലക്കാട് ഐ.ടി.ഐയാണ് പി.വി.സി കാർഡ് വിതരണം ചെയ്തിരുന്നത്. ഇവർക്ക് എട്ടുകോടിയോളംരൂപ നൽകാനുണ്ട്.

പുതിയ ലൈസൻസ്, ആർ.സി ബുക്കെടുക്കൽ, പുതുക്കൽ, പേരുമാറ്റൽ എന്നിങ്ങനെ 50000ഓളം അപേക്ഷകളാണ് പ്രതിദിനം എത്തുന്നത്. ഒറിജിനൽ ആർ.സി ബുക്കില്ലാതെ ഫിനാൻസ് കമ്പനികൾ ലോൺതരില്ല.

ഹൈക്കോടതിയെ സമീപിക്കും

ആർ.സിബുക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂസ്ഡ് വെഹിക്കിൾ സെല്ലേഴ്സ് അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതിയെ സമീപിക്കാനിരുന്നപ്പോൾ ഉടൻ പരിഹാരം കാണുമെന്ന് അറിയിച്ച് 24ന് പ്രിന്റിംഗ് തുടങ്ങി. എന്നാൽ 25000 ബുക്കുകൾ മാത്രമാണ് പ്രിന്റ് ചെയ്തത്. മേയ് 10നകം പ്രശ്നത്തിന് പരിഹാരം കാണുമെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് നടപ്പിലായില്ലെങ്കിൽ പ്രത്യക്ഷസമരത്തിലേക്ക് ഇറങ്ങും.

കൊവിഡ് സമയത്ത് വലിയ പ്രതിസന്ധിയിലായ മേഖല അടുത്തിടെയാണ് കരകയറിയത്. അതിനിടയിലാണ് ഇപ്പോൾ ഈ തിരിച്ചടിയും. ആർ.സിബുക്ക് വിതരണം ആരംഭിച്ചില്ലെങ്കിൽ ശക്തമായ നടപടികൾ ആരംഭിക്കും

അനിൽ വർഗിസ്

സംസ്ഥാന പ്രസിഡന്റ്

കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾസ് ആൻഡ്

ബ്രോക്കേഴ്സ് അസോസിയേഷൻ

Advertisement
Advertisement