ഭരണവിരുദ്ധവികാരം നിശബ്‌ദ തരംഗമായെന്ന് കോൺഗ്രസ്,​ 12 സീറ്റിൽ അനായാസജയം

Sunday 05 May 2024 12:54 AM IST


 അഞ്ചിടത്ത് അവസാനറൗണ്ടിൽ വിജയം ലീഗ്, ആർ.എസ്.പി സീറ്റുകളിലും വിജയം

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം നിശബ്ദതരംഗമായി പ്രവർത്തിച്ചുവെന്ന് കെ.പി.സി.സി നേതൃയോഗം വിലയിരുത്തി. ത്രികോണമത്സരം നടന്ന മണ്ഡലങ്ങളിലടക്കം യു.ഡി.എഫിന് സമ്പൂർണ വിജയമുണ്ടാവും. ലീഗ് മത്സരിച്ച രണ്ടിടത്തും ആർ.എസ്.പിയുടെ സീറ്റിലും വിജയിക്കും. തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ മണ്ഡലങ്ങളിൽ അനായാസമായി വിജയിക്കുമെന്നും പോളിംഗ് കുറഞ്ഞത് ഇടതുമുന്നണിക്ക് ക്ഷീണമാകുമെന്നും നേതൃയോഗം വിലയിരുത്തി. കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലങ്ങളിൽ 12 ഇടത്ത് അനായാസമായി ജയിക്കും. അഞ്ചിടത്ത് മത്സരമുണ്ടായെങ്കിലും അവസാന റൗണ്ടിൽ വിജയം ഉറപ്പെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

കാന്തപുരം വിഭാഗത്തിന്റെ വോട്ടുകൾ പൂർണമായി ലഭിച്ചു. ബി.ജെ.പിക്കു വേണ്ടി പ്രധാനമന്ത്രി മോദി ഒന്നിലധികം തവണ പ്രചാരണത്തിനെത്തിയ തൃശ്ശൂരിൽ 20,000 ത്തിൽ കുറയാത്ത ഭൂരിപക്ഷം കെ.മുരളീധരന് ഉണ്ടാവും. നാട്ടിക, പുതുക്കാട് മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാർ ലീഡ് ചെയ്യും. ബാക്കി അഞ്ചു മണ്ഡലങ്ങളും തങ്ങൾക്കൊപ്പമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. തൃശൂർ നിയമസഭ മണ്ഡലത്തിൽ മാത്രം രണ്ടാം സ്ഥാനത്തെത്തുന്ന സുരേഷ് ഗോപി പാർലമെന്റ് മണ്ഡലത്തിൽ മൂന്നാമതാകും.

ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ, ആലത്തൂർ മണ്ഡലങ്ങളിൽ കനത്ത മത്സരം നടന്നു. അവസാന ലാപ്പിൽ ഇവിടങ്ങളിൽ തിരിച്ചുവരവുണ്ടായി. ആറ്റിങ്ങലിൽ 1,60,000 കള്ളവോട്ടുകളുണ്ടായിരുന്നു. ഇത് തടയാൻ കോടതി വിധി അനുസരിച്ചുള്ള കാര്യങ്ങൾ നടപ്പായി. എന്നാൽ, ചില ബൂത്തുകളിൽ ആളുണ്ടായിരുന്നില്ല. അതിനാൽ പൂർണമായും കള്ളവോട്ട് തടയാനായില്ല. സംഘടനാ ദൗർബല്യങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ചുവെന്നും പരാജയഭീതിയില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

മാവേലിക്കരയിൽ വെല്ലുവിളിയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കണ്ണൂരിൽ ആദ്യഘട്ടത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അവസാനത്തോടെ അത് പരിഹരിച്ചുവെന്നും ജയം ഉറപ്പെന്നും കെ. സുധാകരൻ വ്യക്തമാക്കി. പാലക്കാട് മണ്ഡലത്തിൽ കണക്കുകൾ അക്കമിട്ട് നിരത്തി താൻ ജയിക്കുമെന്ന് വി.കെ. ശ്രീകണ്ഠനും വ്യക്തമാക്കി. 25,000ത്തിന് മേൽ ഭൂരിപക്ഷം നേടും. കഴിഞ്ഞ തവണ കോൺഗ്രസ് മൂന്നാം സ്ഥാനത്ത് പോകുമെന്ന് ഇടതുമുന്നണി പ്രചാരണം നടത്തി. ഇത്തവണ തോൽക്കുമെന്ന് പറയുന്നത് സമാന പ്രചാരണത്തിന്റെ ഭാഗമാണ്. ആലത്തൂരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞ രമ്യ ഹരിദാസ് ഭൂരിപക്ഷം കൃത്യമായി പറയാൻ തയ്യാറായില്ല.

അവസാനഘട്ടത്തിലുണ്ടായ കോൺഗ്രസ് പുനഃസംഘടന, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മന്ദീഭവിക്കുന്നതിനു കാരണമായി. ചിലയിടത്ത് എകോപനക്കുറവ് പ്രചാരണത്തിന് വിലങ്ങുതടിയായി. ഇതെല്ലാം പിന്നീട് പരിഹരിച്ചുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പ്രധാനമായും സിറ്റിംഗ് എം.പിമാരും മണ്ഡലത്തിന്റെ ചുമതലയുള്ളവരുമാണ് യോഗത്തിൽ സംസാരിച്ചത്. സ്ഥാനാർത്ഥികളായ ശശി തരൂർ, ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ് എന്നിവർ വ്യക്തിപരമായ കാരണങ്ങളാൽ യോഗത്തിൽ പങ്കെടുത്തില്ല.


വിളിച്ചില്ലെന്ന് പരാതി


ചില മണ്ഡലങ്ങളുടെ ചുമതലയുള്ളവരെ തിരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗത്തിൽ വിളിച്ചില്ലെന്ന് പരാതി. വിവിധ മണ്ഡലങ്ങളുടെ ചുമതലക്കാരായിരുന്ന പി.എം. മാത്യു, വി.ജെ. ജോയി, ടോമി കല്ലാനി, റോയ് കെ.പൗലോസ്, സൈമൺ അലക്സ്, ബാബുരാജ് എന്നിവരാണ് പരാതി ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയോടും ഇതു സംബന്ധിച്ച പരാതി ഇവരിൽ ചിലർ ഉന്നയിച്ചിട്ടുണ്ട്.

Advertisement
Advertisement