പുലാശ്ശേരി വളവും ഇറക്കവും മനുഷ്യജീവൻ പന്താടുന്നു

Sunday 05 May 2024 12:10 AM IST

പട്ടാമ്പി: അധികൃതരുടെ അനാസ്ഥയും പിടിപ്പുകേടും കൊണ്ട് മനുഷ്യ ജീവൻ പിടഞ്ഞു വീഴുന്നത് വർഷങ്ങളായി പുലാശ്ശേരി വളവിലെയും ഇറക്കത്തിലെയും പതിവ് കാഴ്ചയാണ്. കൊപ്പം വളാഞ്ചേരി പാതയിൽ പുലാശ്ശേരി എ.എം.എൽ.പി സ്‌കൂളിനു മുന്നിലെ വളവിലും സർവീസ് സ്റ്റേഷനു മുന്നിലെ ഇറക്കത്തിലും ഒട്ടേറെപ്പേർ ഇതിനോടകം അപടത്തിൽപെട്ടു മരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിൽ മിനിലോറി നിയന്ത്രണം വിട്ടു സ്‌കൂട്ടറിൽ ഇടിച്ചു യുവാവ് മരിച്ചതാണ് അവസാനത്തെ സംഭവം. ഏതാനും മാസങ്ങൾക്കു മുൻപു പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചിരുന്നു. ഓരോ അപകടം ഉണ്ടാകുമ്പോഴും നാട്ടുകാർ പരാതി നൽകും. ബന്ധപ്പെട്ട വകുപ്പ് അധികാരികൾ സ്ഥലം സന്ദർശിച്ച് പത്രം പ്രസ്താവനകൾ നടത്തുകയും നടപടി സ്വീകരിക്കാമെന്ന ഉറപ്പും നൽകി പോകുന്നതുമല്ലാതെ പരിഹാരം മാത്രം ഉണ്ടാകുന്നില്ല. ഓട്ടോകളും ഇരുചക്ര വണ്ടികളുമാണ് അപകടത്തിൽ പെടുന്നവയിൽ ഏറെയും. പാലക്കാട്ടു നിന്നു ചെർപ്പുളശ്ശേരി വഴിയും പട്ടാമ്പി വഴിയും കോഴിക്കോട്ടേക്കും പൊന്നാനിയിലേക്കും ചരക്കു ലോറികളും കണ്ടെയ്നർ ലോറികളുമാണ് ഇതുവഴി ഏറ്റവും കൂടുതൽ സഞ്ചരിക്കുന്നത്. പുലാശ്ശേരിയിലെ കുത്തനെയുള്ള ഇറക്കങ്ങളും വാഹനങ്ങളുടെ അമിതവേഗവും വളവു തിരിവുകൾ ഡ്രൈവർമാർക്കു തിരിച്ചറിയാൻ കഴിയാത്തതുമാണ് അപകടങ്ങൾക്കു പ്രധാന കാരണം.

അപകടകരമായ മൂന്നു വളവുകൾ

കൊപ്പം-വളാഞ്ചേരി റോഡിൽ രണ്ടു കിലോ മീറ്ററിനുള്ളിൽ അപകടകരമായ മൂന്നു വളവുകളുണ്ട്. ഇതിൽ രണ്ടും മൂന്നും വളവുകളിൽ അപകടങ്ങൾ പതിവാണ്. അപരിചിതരായ ഡ്രൈവർമാർ കുത്തനെയുള്ള ഇറക്കവും വളവും മനസ്സിലാക്കാൻ കഴിയാതെ വാഹനം ഓടിക്കുന്നതും അമിതവേഗം കാരണം നിയന്ത്രണം വിട്ടു മറിയുകയോ മറ്റു വാഹനങ്ങളിൽ ഇടിക്കുകയും ചെയ്യുന്നതാണു മരണകാരണം. അപകടങ്ങളുടെ വിഡിയോയും ഫോട്ടോകളും ഉൾപ്പെടെ മരാമത്ത് വകുപ്പ് അധികൃതർക്കു നാട്ടുകാർ നൽകിയിട്ടും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

പരാതികൾ നൽകി

പ്രദേശത്ത് വളവും തിരിവും തിരിച്ചറിയുന്ന ദിശാ ബോർഡും വാഹനങ്ങളുടെ വേഗം കുറയ്ക്കുന്ന ബ്രേക്കറും രാത്രി വാഹനങ്ങൾക്ക് റോഡിന്റെ വളവു തിരിവുകൾ തിരിച്ചറിയുന്ന റിഫ്ളക്ട് ലൈറ്റുകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ, പഞ്ചായത്ത് ഭരണസമിതി, മരാമത്ത് വകുപ്പ് എന്നിവർക്ക് പരാതികൾ നൽകിയതായി നാട്ടുകാരും സന്നദ്ധ സംഘടനകളും സാമൂഹിക പ്രവർത്തകരും പറയുന്നു.

Advertisement
Advertisement