പെരിനാട് പഞ്ചായത്തിൽ ഉപ്പ് വെള്ളം കുടിച്ച് നാട്ടുകാർ

Sunday 05 May 2024 12:45 AM IST

 കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി കുത്തിയ കുഴൽക്കിണറിൽ ഉപ്പുവെള്ളം

പെരിനാട്: പെരിനാട് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് നിർമ്മിച്ച കുഴൽക്കിണറിലെ ഉപ്പ് കലർന്ന വെള്ളം നാട്ടുകാരെ ദുരിതത്തിലാക്കുന്നു. കുഴൽക്കിണർ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി എന്നാശ്വസിച്ചിരുന്നപ്പോഴാണ് പൊതു ടാപ്പുകളിലൂടെ ഉപ്പ് വെള്ളമെത്താൻ തുടങ്ങിയത്.

പാലക്കടയിൽ പുതുതായി കമ്മിഷൻ ചെയ്‌ത കുഴൽക്കിണറിൽ നിന്നും നാലാം വാർഡിലേക്കും അ‌ഞ്ചാം വാർഡിലേക്ക് ഭാഗികമായും പമ്പ് ചെയ്യുന്ന വെള്ളത്തിലാണ് ഉപ്പു രസം കലർന്നത്. ശരിയായ പഠനം നടത്താതെ കായൽവാരത്ത് കുഴൽക്കിണർ സ്ഥാപിച്ചതിനാലാണ് ഉപ്പ് വെള്ളം പൈപ്പിലുടെ വരുന്നതെന്നാണ് ആരോപണം. കുടിവെള്ള ക്ഷാമം മറികടക്കാൻ സ്വീകരിച്ച നടപടി തിരിച്ചടിയായതോടെ പ്രതിഷേധത്തിലാണ് നാട്ടുകാരും.

മതിയായ പഠനമില്ലാതെ കായൽവാരത്ത് കുഴൽക്കിണർ സ്ഥാപിച്ചതാണ് ഉപ്പ് കലർന്ന വെള്ളം ലഭിക്കാൻ കാരണമായത്. വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ തുരുമ്പെടുക്കുന്നത് മാത്രമാണ് മിച്ചം.

അനീഷ് വ്ലാവേത്ത്

സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം 1488-ാം നമ്പർ ശാഖ

ചെറുമൂട് വെള്ളിമൺ.

മതിയായ ഏകോപനമില്ലാതെയാണ് കുടിവെള്ള പ്രശ്‌നം പഞ്ചായത്ത് കൈകാര്യം ചെയ്യുന്നത്. 12-ാം വാർഡിൽ ഒന്നര ലക്ഷം മുടക്കി നിർമ്മിച്ച കുഴൽക്കിണർ പംമ്പിംഗിന് മുമ്പ് ഇറച്ചു വൃത്തിയാക്കാൻ 15000 രൂപ മുടക്കാൻ പഞ്ചായത്തിന് കഴിയുന്നില്ല. കുടിവെള്ള വിതരണം കരാറെടുത്ത ആൾക്ക് 4 ലക്ഷം രൂപ കുടിശികയായി. ഇതോടെ ജലവിതരണം മെല്ലെപ്പോക്കിലാകുമോ എന്ന ആശങ്കയുണ്ട്. അപകടത്തിൽപ്പെട്ട ടാങ്കറിന് പകരമുള്ള വാഹനത്തിന്റെ പെർമിറ്റ് ശരിയാക്കാൻ പോലും പഞ്ചായത്തിന് കഴിയുന്നില്ല.

ഇടവട്ടം വിനോദ്

12-ാം വാർഡ് മെമ്പർ.

കിണർ പൂർത്തിയായ ശേഷം വെള്ളം ലഭിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് ഉപ്പ് കലർന്ന വെള്ളമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് കുറെ വെള്ളം പമ്പ് ചെയ്‌ത ശേഷം വീണ്ടും പരിശോധിച്ചപ്പോഴും ലവണത്വം വിട്ടു മാറുന്നില്ല. സാധാരണ ഗതിയിൽ രണ്ടാമത്തെ ടെസ്‌റ്റിൽ ഇങ്ങനെ സംഭവിക്കാറില്ല. ഈ സ്ഥിതിയിൽ ജലഅതോറിട്ടിയുടെ റിപ്പോർട്ട് പഞ്ചായത്തിന് സമർപ്പിക്കും. തുടർനടപടികൾ പഞ്ചായത്ത് സ്വീകരിക്കും.

ജലഅതോറിട്ടി അധികൃതർ.

Advertisement
Advertisement