ക്ലബ്ഹൗസ് പെരുമ മങ്ങിയിട്ടും ഉഷാറായി 'പരസ്പരം നമ്മൾ'

Sunday 05 May 2024 12:47 AM IST

തിരുവനന്തപുരം: 2020ൽ ഓഡിയോ ചാറ്റിംഗിന് ആരംഭിച്ച, അമേരിക്കൻ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോം ക്ലബ്ഹൗസിൽ 'പരസ്പരം നമ്മൾ' എന്ന റൂമിലൂടെ പരിചയപ്പെട്ട 50 പേർ. നേരമ്പോക്കിൽ തുടങ്ങി, സിനിമയും രാഷ്ട്രീയവും ചർച്ച ചെയ്തവർ ആദ്യമായി നേരിൽ കണ്ടത് 100-ാം ദിവസം. 'പരസ്പരം നമ്മൾ' എന്ന സൗഹൃദക്കൂട്ടായ്മയ്ക്ക് നാലുവയസായി. കൂട്ടായ്മയിലൂടെ ജീവിതം പച്ചപിടിച്ചവരും നിരവധി. ഗ്രൂപ്പിലൂടെ ലഭിച്ച ബന്ധങ്ങളിലൂടെ മമ്മൂട്ടി ചിത്രത്തിലുൾപ്പെടെ അഭിനയിച്ചവരുണ്ട്.

രാത്രി 8 മുതൽ10 വരെയായിരുന്നു ആദ്യകാലത്ത് ചർച്ച. പിന്നീട് പുലരുവോളമായി. 1000 പേരിലധികം റൂമിൽ കയറുമായിരുന്നു. പിന്നീടത് 50 ആയി. സംസാരത്തിൽ കുടുംബാംഗങ്ങളും പങ്കാളികളായി. ഒന്നാം വാർഷികം ആഘോഷിച്ചത് 48 മണിക്കൂർ തുടർച്ചയായി സംസാരിച്ച്. വിശേഷദിവസങ്ങളിൽ നടൻ ബാലചന്ദ്രമേനോൻ, എം.ആർ.ഗോപകുമാർ, സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശി തുടങ്ങിയവർ അതിഥികളായി. ജന്മദിനങ്ങൾ ആഘോഷമാക്കി. അവധിദിനങ്ങളിൽ വീടുകളിൽ ഒത്തുചേർന്നു.

പരസ്പരം വെളിപ്പെടുത്താതെ സാമ്പത്തികമായി സഹായിച്ചു.

അവസരങ്ങൾ അനേകം

നിർമ്മാതാവും പ്രൊഡക്‌ഷൻ കൺട്രോളറുമായ എ.ആർ.കണ്ണനാണ് റൂം തുടങ്ങിയത്. 'പഞ്ചവത്സരപദ്ധതി' സിനിമയുടെ സംവിധായകൻ പ്രേംലാൽ കൂട്ടായ്‌മയിലുണ്ട്. ഗ്രൂപ്പിലെ എറണാകുളം സ്വദേശി രാജേഷ് ഡബ് ചെയ്തിട്ടുണ്ട്. ആകാശ് എന്ന തിരുവനന്തപുരം സ്വദേശിക്ക് ജോഷ് സംവിധാനം ചെയ്ത കിറുക്കൻ സിനിമയിൽ അഭിനയിക്കാനായതും ഗ്രൂപ്പിലൂടെയാണ്. മമ്മൂട്ടിയുടെ 'വൺ' സിനിമയിലും ആകാശുണ്ട്. കൊല്ലം സ്വദേശി ഷൈമയ്ക്ക് സിനിമയിൽ പാടാൻ അവസരം ലഭിച്ചു. സുനിൽ കളമശേരിയുടെ വരുന്ന ചിത്രത്തിൽ കൊല്ലം സ്വദേശി രശ്മി സജയനും അഭിനയിക്കുന്നുണ്ട്. ഗായത്രി, ജയകുമാർ, മനോജ്, ജീജ സുരേന്ദ്രൻ, സമീർ, ആറ്റുകാൽ തമ്പി, ഹരീഷ് മേനോൻ, കൃഷ്ണകുമാർ, രമേശൻ, ഇ.വി.രാജീവൻ തുടങ്ങിയവരാണ് മറ്റംഗങ്ങൾ.

ക്ലബ്ഹൗസ്

കൊവിഡ് കാലത്ത് ജനങ്ങൾ വീടുകളിൽ ഒതുങ്ങിയപ്പോൾ ആപ്പ് തരംഗമായി. ഇന്ത്യയിൽ ആദ്യമാസം തന്നെ 50 ലക്ഷം ഡൗൺലോഡ് ഉണ്ടായി.

Advertisement
Advertisement