സവാള കയറ്റുമതി നിരോധനം പിൻവലിച്ചു

Sunday 05 May 2024 12:07 AM IST

കൊച്ചി: ഉത്തരേന്ത്യയിൽ പൊതു തിരഞ്ഞെടുപ്പ് ചൂട് ഉയരുന്നതിനിടെ കേന്ദ്ര സർക്കാർ സവാളയുടെ കയറ്റുമതി നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു. അതേസമയം സവാള കയറ്റുമതി നടത്തുന്നതിനുള്ള ഏറ്റവും കുറഞ്ഞ വില ടണ്ണിന് 550 ഡോളറായി നിശ്ചയിച്ചു. വെള്ളിയാഴ്ച സവാളയുടെ കയറ്റുമതിക്ക് 40 ശതമാനം നികുതി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്നു. ആഭ്യന്തര വിപണിയിൽ വില അസാധാരണമായി ഉയർന്നതോടെ 2023 ഡിസംബർ എട്ടിനാണ് മാർച്ച് 31 വരെ സവാളയുടെ കയറ്റുമതിക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയത്. മാർച്ച് 31ന് ശേഷം വീണ്ടും അനിശ്ചിതകാലത്തേക്ക് നീട്ടി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സവാള ഉത്പാദനത്തിൽ കനത്ത ഇടിവുണ്ടായെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. പ്രാഥമിക കണക്കുകളനുസരിച്ച് ഇക്കാലയളവിൽ 254.73 ലക്ഷം ടൺ സവാളയാണ് ഇന്ത്യയുടെ ഉത്പാദനം. മുൻവർഷം ഉത്പാദനം 302.08 ലക്ഷം ടണ്ണായിരുന്നു. മഹാരാഷ്ട്രയിൽ 34.4 ലക്ഷം ടണ്ണിന്റെയും കർണാടകയിൽ 9.95 ലക്ഷം ടണ്ണിന്റെയും ആന്ധ്രാ പ്രദേശിൽ 3.54 ലക്ഷം ടണ്ണിന്റെയും രാജസ്ഥാനിൽ 3.12 ലക്ഷം ടണ്ണിന്റെയും ഉത്പാദന ഇടിവാണുണ്ടായത്.

സവാളയുടെ കയറ്റുമതി നിരോധനത്തിനെതിരെ മഹാരാഷ്ട്രയിലെ കർഷകർ രണ്ട് മാസമായി ശക്തമായ പ്രതിഷേധത്തിലാണ്. ഇതോടെ ഏപ്രിലിൽ ബംഗ്ളാദേശ്, ഭൂട്ടാൻ, യു. എ. ഇ, ബഹ്‌റിൻ, മൗറീഷ്യസ്, ശ്രീലങ്ക എന്നിവടങ്ങളിലേക്ക് 99,150 ടൺ സവാള കയറ്റി അയക്കുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു.

Advertisement
Advertisement