ഡോ. വന്ദനാദാസ് കൊലക്കേസ് ... പ്രതിയെ 8ന് ഹാജരാക്കണമെന്ന് കോടതി
കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി സന്ദീപിനെ ഈമാസം 8ന് നേരിട്ട് ഹാജരാക്കാൻ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് ഉത്തരവിട്ടു.
കുറ്റപത്രത്തിൽ വാദം കേൾക്കാനാണ് ഇന്നലെ കേസ് പരിഗണിച്ചത്. എന്നാൽ പ്രതിയെ ഓൺലൈനായാണ് ഹാജരാക്കിയത്. സുപ്രീം കോടതിയിൽ ജാമ്യഹർജി ഫയൽ ചെയ്തിട്ടുള്ളതിനാൽ കുറ്റപത്രത്തിൻമേലുള്ള വാദം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകൻ ഫയൽ ചെയ്ത ഹർജിയെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി.പടിക്കൽ ശക്തമായി എതിർത്തു. വാദത്തിന് തയ്യാറാണെന്നും സാക്ഷിവിസ്താരം വൈകിപ്പിക്കാനാണ് ഇത്തരം ഹർജികൾ ഫയൽ ചെയ്യുന്നതെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ വാദിച്ചു. തുടർന്നാണ് പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.
വന്ദനാദാസിന്റെ മാതാപിതാക്കളും ഇന്നലെ കോടതി നടപടികൾ വീക്ഷിക്കാൻ എത്തിയിരുന്നു. സംഭവം നടന്ന 2023 മേയ് 10ന് തന്നെ പിടിയിലായ പ്രതി സന്ദീപ് അന്ന് മുതൽ റിമാൻഡിലാണ്. അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും പ്രോസിക്യൂഷനുവേണ്ടി ഹാജരായി.