വാഹനാപകടം: മെഡിക്കൽ സ്റ്റോർ ഉടമയ്ക്ക് 55.5 ലക്ഷം നഷ്ടപരിഹാരം

Sunday 05 May 2024 12:17 AM IST

കൊല്ലം: ലോറി​യി​ടി​ച്ച് ഗുരുതരമായി​ പരി​ക്കേറ്റ, ബൈക്ക് യാത്രി​കനായ മെഡി​ക്കൽ സ്റ്റോർ ഉടമ കുരീപ്പുഴ തറയിൽ വീട്ടിൽ അർഷാദിന് 55.5 ലക്ഷം നഷ്ടപരിഹാരം നൽകാൻ കൊല്ലം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി പ്രസന്ന ഗോപൻ ഉത്തരവിട്ടു.

2020 മാർച്ച് 31ന് വൈകിട്ട് അഞ്ചി​ന് കാവനാട്- മേവറം ബൈപ്പാസിലായിരുന്നു അപകടം. ഗ്യാസ് സി​ലി​ണ്ടറുകൾ കയറ്റി വന്ന കർണാടക രജിസ്ട്രേഷൻ ലോറിയാണ് ഇടി​ച്ചത്. ലോക്ഡൗൺ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ, അതുവഴി വന്ന റവന്യു വകുപ്പിന്റെ കാറിൽ അർഷാദിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

മൂന്നാംകുറ്റിയിൽ മെഡിക്കൽ സ്റ്റോർ നടത്തിയിരുന്ന അർഷാദിന്റെ തൊഴിലും വരുമാനവും സംബന്ധിച്ചുള്ള തെളിവും മെഡിക്കൽ ബോർഡിന്റെ അവശതാ സർട്ടിഫിക്കറ്റും പരിഗണിച്ചാണ് നഷ്ടപരിഹാരം വിധിച്ചത്. കേസ് ഫയൽ ചെയ്ത നാൾ മുതലുള്ള പലിശയും കോടതി ചെലവും ഉൾപ്പടെയാണ് 55.5 ലക്ഷം രൂപ കണക്കാക്കിയിരിക്കുന്നത്. അർഷാദിനെ ഇടിച്ച ടാങ്കർ ലോറിയുടെ ഇൻഷ്വറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. അഭിഭാഷകരായ മുഹമ്മദ് സുജിത്ത്, സിമി സുജിത്ത് എന്നിവർ അർഷാദിന് വേണ്ടി കോടതിയിൽ ഹാജരായി.

Advertisement
Advertisement