പോളിംഗിൽ കുടുംബശ്രീക്ക് ലോട്ടറി

Sunday 05 May 2024 12:20 AM IST

കൊല്ലം: പോളിംഗ് ദിനത്തിലും അതിനുള്ള ഒരുക്കത്തിനും ഇടയിൽ ലോട്ടറിയടിച്ചത് കുടുംബശ്രീക്ക്. ഭക്ഷണ വിതരണത്തിലൂടെ നേടിയത് 22.8ലക്ഷം രൂപയുടെ വരുമാനം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രെയിനിംഗ്, പോളിംഗ് സാമഗ്രികൾ വിതരണ ശേഖരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിയോഗിച്ച ഉദ്യോഗസ്ഥർക്ക് ഭക്ഷണം തയ്യാറാക്കി നൽകിയത് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള യൂണിറ്റുകളാണ്.

പോളിംഗ് ദിനത്തിന്റെ തലേദിവസവും ഭക്ഷണം ക്രമീകരിച്ചത് കുടുംബശ്രീ യൂണിറ്റുകളാണ്. ലോക് സഭ തിരഞ്ഞെടുപ്പിന്റെ വെൽഫെയർ നോഡൽ ഓഫീസർ ചുമതല വഹിക്കുന്ന ജില്ലാ കുടുംബശ്രീ മിഷൻ കോ ഓഡിനേറ്റർ ആർ.വിമൽചന്ദ്രനായിരുന്നു ഭക്ഷണ വിതരണത്തിന്റെ മേൽനോട്ടം.

കഴിഞ്ഞ മാസം രണ്ട് മുതൽ 24 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പോളിംഗ് ചുമതലയുള്ള ഫസ്റ്റ്- സെക്കൻഡ് റിട്ടേണിംഗ് ഓഫീസർമാർക്ക് നടത്തിയ ട്രെയിനിംഗുകളിൽ എട്ട് കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് ഭക്ഷണം നൽകിയത്. ഇത് വഴി 4.57ലക്ഷം രൂപയാണ് ലഭിച്ചത്.

വരുമാനം 22.8 ലക്ഷം

 വോട്ടെടുപ്പ് ദിനത്തിലും തലേന്നും പോളിംഗ് സാമഗ്രികൾ വിതരണ - ശേഖരണം നടത്തിയ കേന്ദ്രത്തിൽ എട്ട് കുടുംബശ്രീ കഫേ യൂണിറ്റുകൾ വഴി 3.31ലക്ഷം രൂപയുടെ വിൽപ്പന
 തിരഞ്ഞെടുപ്പിന്റെ തലേന്നും തിരഞ്ഞെടുപ്പ് ദിവസവും 1306 പോളിംഗ് ബൂത്തുകളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഭക്ഷണമെത്തിച്ചു

 ഹരിതചട്ടം പാലിച്ചായിരുന്നു സേവനം

 തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ ഫണ്ട് കൈമാറി

ഉച്ചഭക്ഷണ വില ₹ 70- 80

പങ്കാളിയായ കുടുംബശ്രീ കഫെ/ ജനകീയ ഹോട്ടൽ/ അയൽക്കൂട്ട അംഗങ്ങൾ - 231

കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പുവരുത്താനാണ് ഇത്തവണ ഭക്ഷണ വിതരണം കുടുംബശ്രീയെ ഏൽപ്പിച്ചത്. നിയമസഭ തിരഞ്ഞെടുപ്പുകളിലും കുടുംബശ്രീ ഭക്ഷണം എത്തിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷൻ

Advertisement
Advertisement