പുതിയ തുടക്കത്തിന് മോടികൂട്ടാൻ സ്കൂളുകൾ

Sunday 05 May 2024 12:02 AM IST
സ്കൂളുകൾ

 ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും

കോഴിക്കോട്: പുതിയ അദ്ധ്യയന വർഷം ജൂൺ മൂന്നിന് ആരംഭിക്കുമെന്ന് ഉറപ്പിച്ചതോടെ അറ്റകുറ്റപ്പണി ഉൾപ്പെടെ സ്കൂളുകൾ നവീകരിക്കുന്നതിനുള്ള ഓട്ടവും തുടങ്ങി. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പ് സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തേണ്ടത് പ്രധാനമായതിനാൽ തിരക്കുപിടിച്ച അറ്റകുറ്റപ്പണിയാണ് പല സ്കൂളുകളിലും നടക്കുന്നത്. സ്‌കൂളും പരിസരവും വൃത്തിയാക്കൽ, ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കൽ, സ്‌കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യൽ, ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യൽ തുടങ്ങി ഒട്ടേറെ പ്രവൃത്തികൾ പൂർത്തിയാക്കാനുണ്ട്. സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്സ് എന്നിവ മാറ്റണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണം.

സ്‌കൂൾ ബസുകൾ, സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.
എല്ലാ കുട്ടികളും സ്‌കൂളുകളിൽ എത്തുന്നുവെന്ന് ട്രൈബൽ പ്രൊമോട്ടർമാർ ഉറപ്പാക്കണം. ശുചിത്വ വിദ്യാലയം, ഹരിത വിദ്യാലയം കാമ്പയിൻ നടത്തണം. വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം ഉറപ്പാക്കണം. സ്‌കൂൾ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എക്‌സൈസ് വകുപ്പും പൊലീസും നിശ്ചിത ഇടവേളകളിൽ കടകളും മറ്റും പരിശോധന നടത്തണ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഒരുമാസത്തിനുള്ള പൂർത്തീകരിക്കേണ്ടതുണ്ട്.

Advertisement
Advertisement