വാർത്ത നിഷേധിച്ച് കെ. മുരളീധരനും പി.എം. നിയാസും

Sunday 05 May 2024 12:36 AM IST

തിരുവനന്തപുരം: തൃശൂർ ഡി.സി.സി അദ്ധ്യക്ഷൻ ജോസ് വള്ളൂരിനെയും ടി.എൻ. പ്രതാപനെയും കെ.പി.സി.സി യോഗത്തിൽ താൻ വിമർശിച്ചുവെന്ന വാർ‌ത്ത അടിസ്ഥാനരഹിതമാണെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. വാർത്ത ചോർത്തി നൽകിയവർ യോഗത്തിൽ പങ്കെടുത്തവരാണെന്ന് തോന്നുന്നില്ല. തൃശ്ശൂരിൽ തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെ പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നിന്നു.

യു.ഡി.എഫ് 50000ത്തിൽപ്പരം വോട്ടിന് ജയിക്കുമെന്നാണ് യോഗത്തിൽ താൻ പറഞ്ഞത്.

കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥി എം.കെ. രാഘവൻ യോഗത്തിൽ വിമർശനമുന്നയിച്ചുവെന്ന വാർത്ത നിഷേധിച്ച് മണ്ഡലത്തിന്റെ ചുമതലയുള്ള പി.എം. നിയാസും രംഗത്തുവന്നു. ജില്ലയിലെ പ്രമുഖ നേതാവിന്റെ അണികൾ തനിക്കെതിരെ പ്രവർത്തിച്ചുവെന്നും. അവർക്കെതിരെ നടപടി വേണമെന്നുമായിരുന്നു പുറത്തുവന്ന വാർത്ത. ഇത് അടിസ്ഥാനരഹിതമാണെന്നും ഇങ്ങനെ ഒരു വിമർശനം രാഘവൻ യോഗത്തിൽ ഉന്നയിച്ചിട്ടില്ലെന്നും നിയാസ് പറഞ്ഞു. മണ്ഡലത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്.

Advertisement
Advertisement