വെറ്ററിനറി കേന്ദ്രം തുണയായി, കുട്ടു ഹാപ്പിയാണ്

Sunday 05 May 2024 12:37 AM IST

പത്തനംതിട്ട : ആരോ ഉപേക്ഷിച്ചുപോയ നായക്കുട്ടിക്ക് ചികിത്സയും ഭക്ഷണവും നൽകി അഭയമാകുകയാണ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോക്ടർമാരും ജീവനക്കാരും. വഴിയരികിൽ കാർഡ് ബോർഡ് ബോക്സിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ നായക്കുട്ടിയെ വെറ്ററിനറി സർജൻ ഡോ.സിസിലി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ജനിച്ചിട്ട് ഒരു മാസം പോലുമാകാത്ത നായക്കുട്ടി രോമമെല്ലാം കൊഴിഞ്ഞ് തൊലിയ‌‌ടർന്ന നിലയിലായിരുന്നു. ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്ത നായ വളരെ പെട്ടന്ന് വെറ്ററിനറി കേന്ദ്രത്തിലെ അരുമയായി. കുട്ടുവെന്ന വിളികൾക്ക് മുന്നിൽ വാലാട്ടി അവൻ സ്നേഹം പ്രകടിപ്പിച്ചു. ദിവസങ്ങൾ കൊണ്ട് വെറ്ററിനറി കേന്ദ്രത്തിന്റെ കാവൽക്കാരനായി കുട്ടുമാറി. ജീവനക്കാർ അവനുള്ള ഭക്ഷണവും വീടുകളിൽ നിന്ന് എത്തിച്ച് നൽകി.

അപ്രതീക്ഷിതമായി പാർവോ വൈറസ് പകർച്ചവ്യാധി ബാധിച്ചത് കുട്ടുവിനെ വീണ്ടും ക്ഷീണാവസ്ഥയിലാക്കി. രോഗം ചികിത്സിച്ച് ഭേദമാക്കിയെങ്കിലും മറ്റുമൃഗങ്ങൾക്ക് ചികിത്സ നൽകുന്ന കേന്ദ്രത്തിൽ കുട്ടു തുടരുന്നതിനോട് വെറ്ററിനറി കേന്ദ്രം അധികൃതർക്ക് താത്പര്യം ഇല്ലായിരുന്നു. അനുയോജ്യമായ ഷെൽട്ടറിലേക്ക് നായക്കുട്ടിയെ മാറ്റാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോക്ടർ ഷീജ പറഞ്ഞു. ഒടുവിൽ കേന്ദ്രത്തിലെ അറ്റൻഡ‌ർ സുമ നായക്കുട്ടിയെ ഏറ്റെ‌ുക്കാൻ തയ്യാറായി. പത്തനംതിട്ട കുലശേഖരപേട്ടയിലെ സുമയുടെ വീട്ടിൽ അരുമയാണിപ്പോൾ കുട്ടു.

വെറ്ററിനറി കേന്ദ്രത്തിലായതുകൊണ്ട് നായയ്ക്ക് ചികിത്സ നൽകാനായി. ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ പാർപ്പിക്കാൻ ഷെൽട്ടറുകൾ അനിവാര്യമാണ്.

ഡോ.സിസിലി അന്ന ബേസിൽ

വെറ്ററിനറി സർജൻ

Advertisement
Advertisement