തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കലിപ്പ് അടങ്ങിയില്ല, വടകരയിലെ രാഷ്ട്രീയ പോര് തെരുവിലേക്ക്

Sunday 05 May 2024 12:02 AM IST
എൽ.ഡി.എഫ്-യു.ഡി.എഫ്

കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ ഉയർന്ന വാദ-പ്രതിവാദങ്ങളും ആരോപണ- പ്രത്യാരോപണങ്ങളും ഇനിയും കെട്ടടങ്ങിയില്ല. ഇരുപക്ഷവും പോരിന് മൂ‌ർച്ച കൂട്ടി മുന്നോട്ട് പോവുമ്പോൾ വോട്ടെണ്ണൽ കഴിഞ്ഞാലും തുടരുമോ എന്ന ആശങ്കയിലാണ് ജനം. ഇന്നലെ ചേർന്ന കെ.പി.സി.സി യോഗത്തിലും വടകര പ്രധാന ചർച്ചയായി. പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി ഇറങ്ങുമെന്നായിരുന്നു എം.എം.ഹസന്റെ പ്രഖ്യാപനം.
'വടകര വർഗീയതയെ അതിജീവിക്കും'എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ വെള്ളിയാഴ്ച സംഘടിപ്പിച്ച യൂത്ത് അലർട്ട് ഉദ്ഘാടനം ചെയ്ത് അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ രൂക്ഷ പരാമർശങ്ങളാണ് നടത്തിയത്. പാലക്കാട്ട് മൃദു ഹിന്ദുത്വവും വടകരയിൽ ന്യൂനപക്ഷ വർഗീയതയുമുയർത്തി ഷാഫി വോട്ട് തേടിയെന്നായിരുന്നു റഹീമിന്റെ പ്രധാന ആരോപണം. പാലക്കാട്ട് ഷാഫി കാവി പുതച്ചു നടന്നു. വടകരയിലെത്തിയപ്പോൾ ആ പുതപ്പ് മാറ്റി. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫിയെന്നുവരെ റഹിം അധിക്ഷേപിക്കുകയുണ്ടായി. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഷാഫിയെ ഇടതുപക്ഷം വിടുന്നില്ലെന്ന് കണ്ടതോടെ പ്രതിരോധിക്കാൻ 11 മുതൽ 'വർഗീയതയ്ക്കെതിരെ നാട് ഒരുമിക്കണം' എന്ന മുദ്രാവാക്യമുയർത്തി യു.ഡി.എഫ്-ആർ.എം.പി നേതൃത്വത്തിൽ വടകരയിൽ ജനകീയ കാമ്പയിൻ സംഘടിപ്പിച്ചിരിക്കുകയാണ്. വടകര കോട്ടപ്പറമ്പിലാണ് ആദ്യപരിപാടി. തുടർന്ന് മണ്ഡലത്തിലുടനീളം പ്രചാരണം സംഘടിപ്പിക്കും. കെ.പി.സി.സി യോഗം പരിപാടിയ്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടത് സ്ഥാനാർത്ഥിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ.ശൈലജയെ വ്യക്തിപരമായി അധിക്ഷേപിച്ചും ഫോട്ടോകൾ മോർഫുചെയ്തും പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ നിന്നായിരുന്നു തുടക്കം. സംഭവത്തിൽ കെ.കെ.ശൈലജ നൽകിയ പരാതിയിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിൽ കാര്യങ്ങളെത്തി. എന്നാൽ ഇതൊന്നും തനിക്കറിയില്ലെന്ന നിലപാടിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. വ്യക്തിപരിമായി തന്നെ അധിക്ഷേപിച്ചെന്നാരോപിച്ച് മറു പരാതിയും നൽകി. അതൊക്കെ പോളിംഗ് ബൂത്തിലേക്ക് പോവുന്നതിന് മുമ്പായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഷാഫി വർഗീയ പ്രീണനം നടത്തി വോട്ട് പിടിച്ചെന്നാരോപിച്ച് സി.പി.എം-ഡി.വൈ.എഫ്.ഐ രംഗത്തെത്തി. ഇതിന് മറുപടി നൽകുകയാണ് 11ന് വടകര കോട്ടപ്പറമ്പിൽ തുടങ്ങി ലോക്സഭാ മണ്ഡലത്തിലുടനീളം നടത്തുന്ന പരിപാടിയിലൂടെ യു.ഡി.എഫും ആർ.എം.പിയും ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിരവധിയായ രാഷ്ട്രീയ-ആരോപണങ്ങൾ ഉണ്ടായെങ്കിലും വോട്ടെടുപ്പ് കഴിഞ്ഞിട്ടും പൂർവാധികം ശക്തിയോടെ തുടരുന്നത് വടകരയിൽ മാത്രമാണ്. ജൂൺ നാലിന് ഫലം വന്നാലും വടകരയിലെ പോരാട്ടം തുടരുമെന്ന് ഉറപ്പ്.

Advertisement
Advertisement