പൊലീസുദ്യോഗസ്ഥൻ ചമഞ്ഞ് പണവും ലോട്ടറി ടിക്കറ്റും തട്ടിയെടുത്തു

Sunday 05 May 2024 12:45 AM IST

പന്തളം : പൊലീസുദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ യുവാവ് ലോട്ടറി വിൽപ്പനക്കാരന്റെ പണവും ടിക്കറ്റുകളും കവർന്നു. തമിഴ്നാട് അരിയന്നൂർ സ്വദേശി കുളനട പനങ്ങാട്ട് വാടകയ്ക്ക് താമസിക്കുന്ന വിമൽരാജിനാണ് പണവും ടിക്കറ്റും നഷ്ടപ്പെട്ടത്. 5000 രൂപ സമ്മാനമുള്ള ടിക്കറ്റാണെന്ന വ്യാജേന നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റ് വിമൽരാജിന് കൈമാറി 3500 രൂപയുടെ 85 ടിക്കറ്റും 1500 രൂപയും വാങ്ങി യുവാവ് കടന്നുകളയുകയായിരുന്നു

ബുധനാഴ്ച രാവിലെ എട്ടുമണിയോടെ പന്തളം - പത്തനംതിട്ട റോഡിൽ തുമ്പമൺ കവലയ്ക്ക് സമീപമാണ് സംഭവം. സൈക്കിളിൽ പോയ വിമൽരാജിന്റെ സമീപത്തേക്ക് ബൈക്കിലെത്തിയ യുവാവ് പത്തനംതിട്ട സ്റ്റേഷനിലെ പൊലീസുകാരനാണെന്ന് പരിചയപ്പെടുത്തി. പഴയ കേസിന്റെ കാര്യം അന്വേഷിക്കുകയും ചെയ്തു. പത്തനംതിട്ടയിൽ ലോട്ടറി വ്യാപാരം നടത്തിയിരുന്ന സമയത്ത് പച്ചക്കറി വ്യാപാരിക്ക് കടമായി നൽകിയ പണം തിരികെ കിട്ടാൻ വിമൽരാജ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കേസിന്റെ വിവരങ്ങളൊക്കെ സംസാരിക്കുന്നതിനിടയിൽ നാല് ടിക്കറ്റ് ഫലം നോക്കാനായി നൽകി. ഫലം നോക്കിയപ്പോൾ ഓരോ ടിക്കറ്റിനുമായി 5000, 1000, 500, 100 രൂപ സമ്മാനമുള്ളതായി കണ്ടു. അത്രയും പണം കൈവശമില്ലെന്ന് പറഞ്ഞപ്പോൾ ഉള്ളത് പണമായും ബാക്കി ടിക്കറ്റുകളും നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഉച്ചയ്ക്കുശേഷം പന്തളത്തെ ലോട്ടറി ഏജൻസിയിലെത്തിയപ്പോഴാണ് നമ്പർ തിരുത്തി ലോട്ടറി നൽകി കബളിപ്പിക്കുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടതെന്ന് വിമൽരാജ് പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

Advertisement
Advertisement