ഇനി ആനപ്പിണ്ടത്തിൽ നിന്നും കശുവണ്ടി; കാട്ടാനയെ പിന്തുടരുന്ന കർഷകർക്ക് ലഭിക്കുന്നത് 200 കിലോ ഗ്രാം വരെ

Sunday 05 May 2024 10:04 AM IST

കണ്ണൂർ: കാട്ടാന ശല്യം മൂലം ആറളം ഫാമിന്റെ സാമ്പത്തികഭദ്രത കുറയുകയാണെന്ന് കർഷകർ. കാർഷിക വിളകൾ തിന്നുനശിപ്പിക്കുന്ന കാട്ടാനകളുടെ എണ്ണം വർദ്ധിച്ചിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കർഷകർ. ഫാമിലെ വിളകൾ നശിപ്പിക്കാനായി പ്രതിദിനം പത്ത് മുതൽ 20 വരെയുളള കാട്ടാനകളാണ് എത്തിച്ചേരുന്നതെന്നും കർഷകർ പറയുന്നു.

ആറളം ഫാമിന്റെ സാമ്പത്തികഭദ്രത നിലനിൽക്കുന്നത് തന്നെ കശുവണ്ടിയുടെ വിളവനുസരിച്ചാണ്. എന്നാലിപ്പോൾ കശുവണ്ടി ശേഖരിക്കാൻ തോട്ടത്തിലേക്ക് പോകേണ്ട ആവശ്യമില്ല. ആന പോയ വഴി ആനപ്പിണ്ടം നോക്കി പോയാൽ മതി. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഒരു ആനപ്പിണ്ടത്തിൽ നിന്ന് രണ്ടര കിലോഗ്രാം വരെ കശുവണ്ടി ലഭിക്കും. ഫാമിൽ തമ്പടിക്കുന്ന കാട്ടാനകൾ കശുമാവ് കുലുക്കി താഴെ വിഴുന്ന കശുമാങ്ങ കശുവണ്ടിയോടൊപ്പം കഴിക്കുകയാണ് ചെയ്യുന്നത്.

ഇതോടെ കശുവണ്ടി ശേഖരിക്കുന്നവർ കാട്ടാന പോയ വഴി പിണ്ടവും തപ്പി നടക്കുകയാണ് പതിവ്. പ്രതിദിനം ഒരു കാട്ടാന 200 കിലോഗ്രാം വരെ കശുവണ്ടി അകത്താക്കുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇത് നിസാരമായാണ് കാണുന്നത്.ആനയെ ഓടിക്കാനുളള ഒരു നടപടിയും ഉദ്യോഗസ്ഥർ സ്വീകരിക്കുന്നില്ലെന്നും കർഷകർ പ്രാദേശിക മാദ്ധ്യമമായ ഹൈവിഷനോട് പറഞ്ഞു.

'കാട്ടാനകൾക്ക് കഴിക്കാനുളള സാധനങ്ങൾ ഫാമിലുണ്ട്. കശുവണ്ടി കഴിയുമ്പോൾ ആന തെങ്ങ് നോട്ടമിടും. അങ്ങനെ ഈ അവസ്ഥ തുടരുകയാണ്.ഫാമിലെ കൃഷികൾ സശിച്ചുകൊണ്ടിരിക്കുന്നതിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. കാട് വൃത്തിയാക്കാൻ ചെലവഴിച്ച പണം പോലും തിരികെ കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴുളളത്. പത്ത് മുതൽ ഇരുപത് വരെയുളള കാട്ടാനകളാണ് ഇവിടെ വിഹരിക്കുന്നത്'- ഒരു കർഷകൻ പറഞ്ഞു.